സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ “നാട്ടരങ്ങ് ” ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ – നിയമ- സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ മിഴാവ് കൊട്ടി നിർവ്വഹിച്ചു. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പൊതു വേദികളുടെ അഭാവത്തിന് പരിഹാരമായാണ് നാട്ടരങ്ങ് സ്ഥാപിക്കുന്നത്. തിരുവനന്തപുരം മാനവീയം വീഥിയുടെ മാതൃകയില്‍ ഗതാഗതത്തിന് തടസ്സമാകാത്ത വിധം നിര്‍മിക്കുന്ന നാട്ടരങ്ങ് കലാ-സാസ്‌കാരിക രംഗത്തിന് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു.

എം.എൽ.എയുടെ 2017 -2018 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുമാരന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാജയന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വനജ രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗം പാളയം പ്രദീപ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.