ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ മൂന്നാം ഘട്ടമായി ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ നിർമ്മാണം ആരംഭിക്കുന്ന ഭവന സമുച്ചയങ്ങളുടെ(ഫ്ലാറ്റ്) നിര്‍മാണോദ്ഘാടനം സെപ്റ്റംബർ 24 ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 54 സെൻറ് സ്ഥലത്ത് 28 ഭവനങ്ങൾ അടങ്ങിയ സമുച്ചയത്തിന്റെ നിർമ്മാണത്തിന് 475.1 ലക്ഷം രൂപയാണ് അടങ്കൽ തുകയായി വകയിരുത്തിയിട്ടുള്ളത്.
ഇതോടൊപ്പം നടുവട്ടം, പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ 50 സെൻറ് സ്ഥലത്ത് 44 ഭവനങ്ങൾ അടങ്ങിയ സമുച്ചയത്തിന്റെ നിർമ്മാണത്തിന് 710.4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുക. ഇത്തരത്തില്‍ നിര്‍മാണം ആരംഭിക്കുന്ന സംസ്ഥാനത്തെ 29 ഭവന സമുച്ചയങ്ങൾ ആണ് 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കും. ശിലാഫലകം അനാച്ഛാദനം, റിപ്പോർട്ട് തുടങ്ങിയ പരിപാടികൾ പ്രാദേശികതലത്തിൽ ഫ്ലാറ്റ് നിര്‍മിക്കുന്ന ഇടങ്ങളില്‍ സംഘടിപ്പിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗത്തില്‍ തീരുമാനിച്ചു.
ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി, എംഎൽഎമാർ, എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ചടങ്ങുകൾ. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതം പറയും.
ലൈഫ് മിഷൻ വഴി നിർമ്മിക്കുന്ന ഫ്ളാറ്റിൽ മുതിർന്നവർക്കുള്ള മുറി, സിക്ക് റൂം, റിക്രിയേഷന്‍ മുറി, കോമൺ ഫെസിലിറ്റി റും, ഇലക്ട്രിക്കല്‍ റൂം എന്നീ സൗകര്യങ്ങളും ഉണ്ട്. പള്ളിപ്പാട് ഭവനസമുച്ചയം 26625.82 സ്ക്വയര്‍ഫീറ്റും മണ്ണഞ്ചേരിയിലേത് 17696.94 സ്ക്വയര്‍ഫീറ്റും ആണ്. ഭൂരഹിത ഭവനരഹിതര്‍ക്കാണ് ഭവനസമുച്ചയം നിര്‍മിക്കുന്നത്.
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ, ജില്ലാകലക്ടര്‍ എ. അലക്സാണ്ടര്‍, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് രാജേന്ദ്ര കുറുപ്പ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം. എസ്. സന്തോഷ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ പി പി ഉദയ സിംഹൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ലൈഫ് മിഷന്‍ സംസ്ഥാനത്ത് ഓഗസ്റ്റ്മാസം വരെ 2,26,490 വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 16,450 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.