കാമറകൊണ്ട് ചരിത്രമെഴുതിയ മനുഷ്യനൊപ്പമായിരുന്നു ഇന്നലെ കൊല്ലം. ചെന്നിടത്തെല്ലാം അദ്ദേഹത്തിന്റെ ചിത്രമെടുക്കാന്‍, ഒപ്പം നിന്ന് സെല്‍ഫി പകര്‍ത്താന്‍ ജനം തിക്കിത്തിരക്കി. തിരിച്ചറിയാത്തവര്‍ വിയറ്റ്‌നാം യുദ്ധകാലത്തെ വിഖ്യാത   ഫോട്ടോ പകര്‍ത്തിയയാളാണെന്നു കേട്ടമാത്രയില്‍ ഒരു നോക്കുകാണാന്‍ ഓടിയെത്തി. ആരെയും നിരാശരാക്കാതെയായിരുന്നു പുലിറ്റ്‌സര്‍, വേള്‍ഡ് ഫോട്ടോഗ്രാഫി പുരസ്‌കാര ജേതാവായ നിക് ഊട്ടിന്റെ പര്യടനം.
തിരുവനന്തപുരത്ത് കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് ഫോട്ടോഗ്രഫി പുരസ്‌കാരം സ്വീകരിച്ചശേഷമാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്ക് നിക്ക് തുടക്കം കുറിച്ചത്. ലോസ് എയ്ഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.        ഇന്നലെ  രാവിലെ കൈതക്കുഴി കൃഷ്ണ ഫുഡ് പ്രോസസേഴ്‌സ്  കശുവണ്ടി ഫാക്ടറിയിലായിരുന്നു ആദ്യ സന്ദര്‍ശനം.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ കൊല്ലത്തെ കശുവണ്ടി വ്യവസായ മേഖലയെക്കുറിച്ച് അദ്ദേഹത്തോട് വിവരിച്ചു.  നെടുമ്പന അപ്പാരല്‍ പാര്‍ക്കിലെ കുടുംബശ്രീ യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീന്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്,  ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വതി തുടങ്ങിയവര്‍ ചേര്‍ന്ന് നിക്കിനെ സ്വീകരിച്ചു.
കൊല്ലം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിച്ചു. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത പുറത്തുകൊണ്ടുവന്ന തന്റെ ചിത്രത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തന അനുഭവങ്ങളെക്കുറിച്ചും വിശദമാക്കി. പ്രസ് ക്ലബിന്റെ ഉപഹാരം       പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് സമ്മാനിച്ചു. സെക്രട്ടറി ജി. ബിജുവും സന്നിഹിതനായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐയുടെ ഉച്ചഭക്ഷണ വിതരണത്തില്‍ പങ്കുചേരാന്‍ സമയം കണ്ടെത്തിയ അദ്ദേഹം അഡ്വഞ്ചര്‍ പാര്‍ക്കിലെ കാഴ്ച്ചകളും അഷ്ടമുടിക്കായലും കാമറയിലാക്കി.
ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ കേരള സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിനെത്തിയ നിക്കിനെ ഹര്‍ഷാരവങ്ങളോടെയാണ്     വിദ്യാര്‍ഥികള്‍ വരവേറ്റത്. അദ്ദേഹത്തിന്റെ വിഖ്യാതമായ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിരുന്നു. മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍ നിക്കിനും റോള്‍ റോയ്ക്കും ഉപഹാരം സമ്മാനിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിന്‍സെന്റ് ബി നെറ്റോ, സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ കെ.ജി. കൃഷ്ണജിത്ത്, ജനറല്‍ സെക്രട്ടറി ആദര്‍ശ് എം. സജി, സര്‍വകലാശാലാ കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം. ഹരികൃഷ്ണന്‍,    കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ലെബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകുന്നേരം അഷ്ടമുടിക്കായലില്‍ ബോട്ട് സവാരി നടത്തിയ നിക്ക് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബിലും കൊല്ലം ബീച്ചിലും സന്ദര്‍ശനം നടത്തി.