പ്രതിസന്ധികൾ തരണം ചെയ്തത് തദ്ദേശ സ്ഥാപനങ്ങളുടെ സംഘടിത നേതൃത്വത്തിൽ : മന്ത്രി എ സി മൊയ്തീൻ
തൃശൂർ : കേരളത്തിലെ പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്തത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംഘടിത നേതൃത്വത്തിലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൻ്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിൻ്റെയും നിർമ്മാണം പൂർത്തിയായ അനുബന്ധ സ്ഥാപനങ്ങളുടേയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ പ്രതിസന്ധികളിലും കോവിഡ് രോഗവ്യാപന ഘട്ടങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംഘടിത പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പഞ്ചായത്ത് കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച പകൽവീടിൻ്റെയും കുടുംബശ്രീ കാൻ്റീനിൻ്റെയും ഉദ്ഘാടനവും യു ആർ പ്രദീപ് എം എൽ എ നിർവഹിച്ചു. വയോജന പാർക്കിൻ്റെയും നവീകരിച്ച കുളത്തിൻ്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് നിർവഹിച്ചു. കൂടാതെ നവീകരിച്ച കെ എസ് ഇ ബി സബ് എഞ്ചിനീയറുടെ കാര്യാലയം, മത്സ്യ ക്ലബ്ബ് നിർമ്മാണം, കൃഷിഭവൻ, മൃഗാശുപത്രി എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇതിനോടൊപ്പം നിർവ്വഹിച്ചു.
ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടം 2015-16 സാമ്പത്തിക വർഷം മുതൽ വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയ ഒരു കോടി രൂപ വിനിയോഗിച്ചാണ് പൂർത്തീകരിച്ചത്. 2019 -20 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്തിൻ്റെ 14.95 ലക്ഷം രൂപ ചിലവഴിച്ചാണ് ആർട്ടിഫിഷ്യൽ വർക്കുകളോടെ നിർമ്മിച്ച വയോജന പാർക്കിൻ്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപ ചിലവിട്ട് പഞ്ചായത്ത്കുളവും ഇതിനോടകം നവീകരിച്ചിട്ടുണ്ട്.
നവീകരിച്ച കെ എസ് ഇ ബി സബ് എഞ്ചിനീയറുടെ കാര്യാലയത്തിന് 3.25 ലക്ഷവും, അടുക്കള, ഹാൾ എന്നീ സൗകര്യങ്ങളോടെ നിർമ്മിച്ച കുടുംബശ്രീ കാൻ്റീൻ കെട്ടിടത്തിന് 6.44 ലക്ഷം രൂപയും, മീൻ വളർത്തൽ ചിന്ത ജനങ്ങളിൽ ഉത്തേജിപ്പിക്കുന്നതിനും കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും നിർമ്മിച്ച മത്സ്യ ക്ലബ്ബ് കെട്ടിടത്തിന് 14.7 ലക്ഷം രൂപയും, 2010 -21 സാമ്പത്തിക വർഷത്തിൽ 2 ലക്ഷം രൂപ വകയിരുത്തി കൂടുതൽ സൗകര്യങ്ങളോടെ നിർമ്മിച്ച കൃഷിഭവനും, 4.95 ലക്ഷം വകയിരുത്തി നവീകരിച്ച മൃഗാശുപത്രിയും, 8.31 ലക്ഷം ചിലവിട്ട പകൽവീടിൻ്റെ നവീകരണ പ്രവർത്തനവുമാണ് പഞ്ചായത്ത് കെട്ടിടത്തോടൊപ്പം പൂർത്തിയാക്കിയത്.
കെട്ടിടങ്ങൾക്കൊപ്പം മാലിന്യ സംസ്ക്കരണത്തിനും പഞ്ചായത്ത് വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഇൻസിനേറ്റർ നിർമ്മാണത്തിന് നാല് രക്ഷം രൂപയും, തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് നിർമ്മാണത്തിന് ആറ് ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 15 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ ജലശുദ്ധീകരണ യൂണിറ്റിൻ്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എച്ച് അബ്ദുൽസലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ പി രാധാകൃഷ്ണൻ എന്നിവർ മുഖ്യതിഥികളായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി പി സുനിത,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി രാധാകൃഷ്ണൻ സ്വാഗതവും
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ അൻസാർ അഹമ്മദ് നന്ദിയും പറഞ്ഞു.