കൊല്ലം: പുനര്‍ഗേഹം പദ്ധതിയിലൂടെ ജില്ലയില്‍ 358 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഒരുങ്ങും. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന, കടല്‍ത്തീരത്ത് നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രത്യേക പുനരധിവാസ പദ്ധതിയാണിത്.
ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിപ്രകാരം ഭൂമി വാങ്ങാനും ഭവനനിര്‍മാണത്തിനുമായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കും. ഭൂമി വാങ്ങാന്‍ ആറു ലക്ഷവും വീട് നിര്‍മിക്കാന്‍ നാലു ലക്ഷവും. വസ്തുവും വീടുമായും വാങ്ങാം. ഭൂമി വാങ്ങിയ തുക ആറു ലക്ഷത്തില്‍ കുറവാണെങ്കില്‍ ബാങ്കി തുക ഭവന നിര്‍മാണത്തിന് നല്‍കും. 2,450 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നത്.
ജില്ലയില്‍ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെയുള്ള തീരദേശ മേഖലയില്‍ നടത്തിയ സര്‍വേയില്‍ അര്‍ഹരായ 1,580 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. അതില്‍ തീരദേശത്തുനിന്നും ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചത് 358 കുടുംബങ്ങളാണ്. നീണ്ടകര, വാടി, തങ്കശ്ശേരി തീരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും. സ്ഥലം കണ്ടെത്തിയ 90 കുടുംബങ്ങളില്‍ 39 പേര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി തുക കൈമാറി. ഇതില്‍ വസ്തുവും വീടും കൂടി ഒരുമിച്ച് കണ്ടെത്തിയ ആറ് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കിക്കഴിഞ്ഞു. പ്രമാണ ചെലവ് ഉള്‍പ്പടെ 10 ലക്ഷം രൂപ ചെലവഴിക്കാന്‍ അനുവദിക്കുംവിധമാണ് പദ്ധതി. മൂന്നു വര്‍ഷക്കാലയളവില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അപകട സാധ്യതയുള്ള തീരദേശ മേഖലയില്‍ നിന്ന് സ്വമേധയാ ഒഴിയാന്‍ തയ്യാറായി മുന്നോട്ടു വരുന്നവരെ മാത്രമാണ് പദ്ധതിക്കായി പരിഗണിക്കുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ ഒഴിയുന്ന സ്ഥലങ്ങള്‍ ജൈവവേലിവച്ചുപിടിപ്പിച്ച് സംരക്ഷിത മേഖലയാക്കി മാറ്റുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ പറഞ്ഞു.
പുനര്‍ഗേഹം: കൊല്ലത്ത് 358 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുങ്ങും
Home /കൊല്ലം, മികവോടെ മുന്നോട്ട്/പുനര്‍ഗേഹം: കൊല്ലത്ത് 358 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുങ്ങും