കൊല്ലം: ജില്ലയിലെ കായല്‍ ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ കല്ലട-കടപുഴ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി. കടപുഴ കടത്ത് കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വില്ലേജ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കല്ലടയാറ്, മണ്‍ട്രോതുരുത്ത്, അഷ്ടമുടിക്കായല്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാനും പരമ്പരാഗത വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുവാനും ഇതിലൂടെ സാധിക്കും.
ഫെസിലിറ്റേഷന്‍ സെന്റര്‍ കൂടാതെ വിശാലമായ ബോട്ട് ലാന്‍ഡിംങ് സംവിധാനം, റസ്റ്റോറന്റ്, എ ടി എം കൗണ്ടര്‍, ടിക്കറ്റ് ബുക്കിംഗ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് കടപുഴ കടവില്‍ ഒരുക്കിയിട്ടുള്ളത്. 1.29 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലേഖ വേണുഗോപാല്‍, ജില്ലാപഞ്ചായത്ത് അംഗം കെ ശോഭന, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാ മണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാദേവി, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ, അംഗങ്ങളായ കെ സുധീര്‍, പി ജയശ്രീ, എസ് മഞ്ജു, ഡി റ്റി പി സി ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
