റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 672 കോടി രൂപ ചെലവഴിച്ച്  പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന 24.14 കിലോമീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു.

ആലപ്പുഴ ജില്ലയെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണ് ആലപ്പുഴ-ചങ്ങനാശേരി റോഡ്. കാലവർഷ സമയത്ത്  എ.സി. റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും 15 മുതൽ 20 ദിവസം വരെ ഗതാഗതം പൂർണമായും നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. 2018ലെ മഹാപ്രളയത്തിൽ  എ.സി. റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് രണ്ടുമാസക്കാലം ഗതാഗതം പൂർണമായും നിലച്ചു. എ.സി. റോഡിന്റെ  ദുരവസ്ഥ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രണ്ട് ശിൽപശാലകൾ ചേർന്നാണ് പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി ആരംഭിച്ചതെന്ന് മന്ത്രി  അറിയിച്ചു.

കുട്ടനാടിന്റെ പ്രത്യേക ഭൂഘടനയെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം റോഡിന് പത്ത് മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലായി ഒന്നര മീറ്റർ വീതം ഫുഡ്പാത്തുകളും വിഭാവനം ചെയ്തിട്ടുണ്ട്. ഒന്നാങ്കര പാലം മുതൽ മങ്കൊമ്പ് ജംഗ്ഷൻ വരെ (370 മീറ്റർ), മങ്കൊമ്പ് ജംഗ്ഷൻ മുതൽ മങ്കൊമ്പ് ഓവുപാലം വരെ (440 മീറ്റർ), മങ്കൊമ്പ്-തെക്കേക്കര (240 മീറ്റർ), ജ്യോതി ജംഗ്ഷൻ മുതൽ പാറശേരി പാലം വരെ (260 മീറ്റർ), പൊങ്ങ മുതൽ പണ്ടാരക്കുളം വരെ (485 മീറ്റർ), 1.795 കിലോ മീറ്റർ ദൈർഘ്യം വരുന്ന അഞ്ച് ഫ്ളൈഓവറുകളും ഒൻപത് സ്ഥലങ്ങളിലായി 400 മീറ്ററോളം ദൈർഘ്യം വരുന്ന കോസ്വേകളും 13 വലിയ കൾവർട്ടുകളും ഉൾപ്പെടുന്നു.

കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നീ പാലങ്ങളുടെ ഇരുഭാഗത്തും ഫുട്ട്്ഓവർ ബ്രിഡ്ജും ഇതിന്റെ ഭാഗമായി നിർമ്മിക്കും. മുട്ടാർ പാലം പുനർനിർമ്മിക്കുകയും മറ്റ് 13 ചെറിയ പാലങ്ങൾ പുതുക്കി പണിയുകയും ചെയ്യും. 20.5 കിലോമീറ്റർ റോഡ് ഡിസൈൻ റോഡായി ഉയർത്തും. ബസ്വേകൾ, ബസ് ഷെൽട്ടറുകൾ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, റോഡ് സേഫ്റ്റി സംവിധാനങ്ങൾ, ട്രാഫിക് ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന ആധുനിക കാലത്തിനുതകുന്ന നിർമ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
മൂന്നുവർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന എ.സി റോഡിന്റെ നിർമ്മാണ ചുമതല  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 10 നുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു.