എറണാകുളം: കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ നടത്തിയ ഇല്ലംനിറ മഹോത്സവം പറവൂർ എംഎൽഎ അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവവും ജൈവ പച്ചക്കറി വിളവെടുപ്പുമാണ് നടന്നത്.

കുഞ്ഞിത്തൈയിലെ ഉപ്പു കലർന്ന മണ്ണിൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ 10 ഏക്കറോളം സ്ഥലത്ത് ഇപ്പോൾ കൃഷി ചെയ്തുവരികയാണ്. വടക്കേക്കര കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കൃഷി. കാർഷികമായി വളരെ പിന്നിൽ നിന്നിരുന്ന ഒരു പ്രദേശം ഇപ്പോൾ ഇവിടെ കാർഷിക മേഖലയ്ക്ക് കരുത്ത് പകരുകയാണ്.

കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്‌ ടി.കെ ബാബു പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് മുഖ്യ പ്രഭാഷണം നടത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ സൈജൻ, രജിതാശങ്കർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ബാങ്ക് വൈസ് പ്രസിഡൻ്റ് ജോർജ് തച്ചിലകത്ത്, സഹകണ വകുപ്പ് അസി. രജിസ്റ്റാർ വി.വി ദേവരാജൻ, കൃഷി ഓഫീസർ എൻ.എസ്. നീതു, ബാങ്ക് സെക്രട്ടറി ടി.എൻ ലസിത, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ നടത്തിയ ഇല്ലം നിറ മഹോത്സവം പറവൂർ എംഎൽഎ അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു