വൃഷ്ടി പ്രദേശങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പീച്ചി ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് അടുത്തതോടെ സ്ഥിതിഗതികൾ വിലയിരുത്താൻ ഗവ ചീഫ് വിപ്പ് അഡ്വ.കെ.രാജൻ പീച്ചി ഡാം സന്ദർശിച്ചു. ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്  ആദ്യത്തെ വാണിംഗ് ഞായറാഴ്ച ഉച്ചയ്ക്ക് മുന്നിന് നൽകിയിരുന്നു. ഓരോ മണിക്കൂർ കൂടുമ്പോഴും രണ്ട് സെന്റീമീറ്റർ വീതം ജലനിരപ്പ് ഉയരുന്നുണ്ട്.
78.30 മീറ്റർ കഴിഞ്ഞാൽ രണ്ടാമത്തെ വാണിംഗ് നൽകും. 78.60 മീറ്റർ കഴിഞ്ഞാൽ ഷട്ടർ തുറക്കേണ്ടി വരും.  ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി വൈദ്യുതി ഉൽപാദന കേന്ദ്രത്തിന്റെ സ്ലൂയീസ് വഴി വെള്ളം തുറന്നുവിട്ട് അതിന്റെ പ്രവർത്തനം പരിശോധിക്കണമെന്ന്  ഇലക്ട്രിസിറ്റി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് ഷട്ടർ തുറക്കുന്നതിന് മുമ്പ് തന്നെ സ്ലൂയിസ് വഴി വെള്ളം തുറന്നുവിടാൻ കഴിയുമെന്നും ചീഫ് വിപ്പ് പറഞ്ഞു.
മഴ തുടർന്നാൽ  മാത്രമേ നാളെയോ മറ്റന്നാളോ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകൂ. നിലവിലെ സ്ഥിതിഗതികൾ കളക്ടറുമായും ബന്ധപ്പെട്ട ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. ആശങ്കകൾക്ക് അടിസ്ഥാനമില്ലെങ്കിലും മണലിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ചീഫ് വിപ്പ് അഭ്യർത്ഥിച്ചു. അസി.എക്‌സി. എഞ്ചിനീയർ ഗീത, അസി.എഞ്ചിനീയർ ദേവരാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
2018 മുതൽ നടപ്പാക്കിയ റൂൾ കർവ് സംവിധാനത്തിലൂടെയാണ് ഡാമുകളിലെ ജലസമ്പത്തിനെ അധികൃതർ കൈകാര്യം ചെയ്യുന്നത്. ലോവർ റൂൾ കർവ്, പ്രൊപ്പോസ്ഡ് റൂൾ കർവ്, അപ്പർ റൂൾകർവ് എന്നിങ്ങനെ മൂന്നു ലെവലുകളുണ്ട്. പ്രൊപ്പോസ്ഡ് റൂൾ കർവ് ഇന്ന് രാവിലെ മറികടന്നു. അപ്പർ റൂൾ കർവിലേക്ക് വെള്ളം എത്തിയാൽ ഷട്ടർ തുറക്കേണ്ടി വരും. നിലവിലെ സാഹചര്യമനുസരിച്ച് നാളെ കഴിഞ്ഞ് ഷട്ടർ തുറക്കേണ്ടി വരുമെന്ന് കരുതുന്നതായി എ.എക്‌സ് ഇ ഗീത പറഞ്ഞു.