പൊതുമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി
കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങള്‍ നവീകരിച്ചും പുതിയ സ്ഥാപനങ്ങള്‍ രൂപീകരിച്ചും സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സിറാമിക്‌സ് ഫാക്ടറിയുടെ കുണ്ടറ ഡിവിഷനില്‍ നവീകരിച്ച പ്ലാന്റിന്റെയും പ്രകൃതി വാതക പ്ലാന്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദ്യകാല വ്യവസായ സംരംഭം എന്ന നിലയില്‍ കുണ്ടറയിലെ സിറാമിക്‌സ് ഫാക്ടറിക്ക് ചരിത്രപരമായ പ്രത്യേകതകളാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവീകരണ പദ്ധതിയിലൂടെ 220 ശതമാനം വാര്‍ഷിക വര്‍ധനവ് ഉള്‍പ്പെടെ മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരള സിറാമിക്‌സിന് സ്വന്തമാക്കാന്‍ സാധിച്ചത്. വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ട് പോകുന്നതിന് ആവശ്യത്തിനുള്ള ഭൂമി വാങ്ങാന്‍ കഴിഞ്ഞു, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കി, വിവിധ തസ്തികകളുടെ നിയമനങ്ങള്‍ പൂര്‍ത്തീകരിച്ചു, സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂര്‍ത്തിയാക്കി. രണ്ട് പതിറ്റാണ്ട് കാലം പ്രവര്‍ത്തിക്കാന്‍ ഉറപ്പുവരുത്തുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 23 കോടി രൂപയുടെ സമഗ്ര പുനരുദ്ധാരണ പദ്ധതിയാണ് കുണ്ടറ സിറാമിക്സില്‍ നടപ്പിലാക്കിയത്.
അസംസ്‌കൃത വസ്തുക്കളുടെ കുറവില്ലാതെ ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള പദ്ധതിയാണ് കുണ്ടറയില്‍ നടപ്പിലാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പുതിയ വ്യവസായങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കി കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധികളില്‍ നിന്ന് വലിയൊരു കുതിച്ചു കയറ്റത്തിലേക്ക് കടക്കുകയാണ് കുണ്ടറ സിറാമിക്‌സ് എന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കടലാസ് വ്യവസായത്തിനാവശ്യമായ കളിമണ്ണ് നിര്‍മാണമാണ് ഫാക്ടറിയില്‍ നടന്നുവരുന്നത്. മൂന്ന് പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ചെലവ് കുറയ്ക്കാനും ഗുണനിലവാരം കൂട്ടാനും പരമാവധി ഉത്പ്പാദനം നടത്താനും കഴിയും. ഇന്ധനം എല്‍ പി ജി ആക്കിയതോടെ ചെലവ് പകുതിയായി. നാലു വര്‍ഷം മുന്‍പ് 150 ടണ്‍ കളിമണ്ണ് ഉത്പാദിപ്പിച്ചിരുന്നത് 1200 ടണ്ണാക്കി ഉയര്‍ത്തി. എല്‍ എന്‍ ജി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഉത്പാദനച്ചെലവ് മൂന്നിലൊന്നായി കുറയും. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് 30 വര്‍ഷത്തേക്കുള്ള ഖനനം ഉറപ്പാക്കും. പെയിന്റ് നിര്‍മ്മാണത്തിനാവശ്യമായ ഗുണനിലവാരമുള്ള കളിമണ്ണും ഉത്പാദിപ്പിക്കും. ഇതോടെ കളിമണ്ണ് കയറ്റുമതിക്കും സാധ്യത തെളിയും.
ജില്ലാ പഞ്ചായത്തംഗം ജൂലിയറ്റ് നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ പ്രസാദ്, പേരയം പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി യേശുദാസ്, കേരള സിറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ്, കേരള സിറാമിക്‌സ് ലിമിറ്റഡ് എം ഡി പി സതീഷ് കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ബാള്‍ഡിന്‍, അഡ്വ. ആര്‍ സജിലാല്‍, കെ പി ജോര്‍ജ് മുണ്ടയ്ക്കല്‍, കെ മോഹന്‍ദാസ്, കേരള സിറാമിക്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി എസ് എല്‍ സജികുമാര്‍, കേരള സിറാമിക്‌സ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ജെ ഉദയഭാനു, കേരള സിറാമിക്‌സ് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. എ ഷാനവാസ് ഖാന്‍, കേരള സിറാമിക്‌സ് ലിമിറ്റഡ് എം ഡി പി സതീശ്കുമാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.