എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ടുകളിൽ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കാക്കനാട് ഇന്ത്യൻ കോഫിഹൗസ് വളപ്പില്‍ നിര്‍വ്വഹിച്ചു.

ഈ മാസം 25വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിൽ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങൾ നടത്തി. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണത്തിനായുളള പരിശോധനകൾ, പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ നോണ്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, സീനിയർ ബയോളജിസ്റ്റ് അബ്ദുൾ ജബ്ബാർ, ഫീൽഡ് അസിസ്റ്റന്റ് വി.കെ ശിവൻ എന്നിവർ പങ്കെടുത്തു.