എറണാകുളം :നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിൽ ബ്രോക്കർമാരേയും ഇടനിലക്കാരേയും ഒഴിവാക്കണമെന്ന് അയ്യമ്പുഴ നിവാസികളോട് ജില്ലാ കളക്ടർ എസ്.സുഹാസ് അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ആണ് അയ്യമ്പുഴ വില്ലേജിലെ ഗിഫ്റ്റ് സിറ്റി പ്രോജക്ടിനായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത് ന്യായവും , സുതാര്യവും ആയ 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ (ലാറ) പ്രകാരം ആയിരിക്കും.

“ലാറ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആത്യന്തികമായ ഗുണഭോക്താക്കൾ ഭൂവുടമകൾ തന്നെയാകും. ഇതുമായി ബന്ധപ്പെട്ട എന്താവശ്യങ്ങൾക്കും ഭൂവുടമകൾ ബ്രോക്കർമാരെയോ വ്യാജ സഹായികളെയോ സമീപിക്കേണ്ടതില്ല. ഏതാവശ്യത്തിനും സർക്കാരിനെ ആണ് സമീപിക്കേണ്ടതെന്നും ” ജില്ലാ കളക്ടർ പറഞ്ഞു.

എല്ലാ ഭൂവുടമകൾക്കും അവരുടെ സ്വത്തിന് ന്യായമായ വില ലഭിക്കും, പദ്ധതിയെപ്പറ്റിയും നടപടികളെക്കുറിച്ചും വിശദീകരിക്കാൻ ഉടൻതന്നെ ജനപ്രധിനിധികളുടെയും വ്യവസായ വകുപ്പ് പ്രതിനിധികളുടെയും യോഗം ചേരുന്നുണ്ട്.
വികസനത്തിന് എതിരല്ലാത്ത അയ്യമ്പുഴ നിവാസികളിലേക്കു ജനപ്രധിനിധികളിലൂടെ കൃത്യമായ വിവരങ്ങൾ എത്തുന്നതോടെ അഭ്യൂഹങ്ങൾക്ക് വിരാമം ആകും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ പദ്ധതി പ്രദേശവാസികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതും പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്.

മുതിർന്ന ഉദ്യോഗസ്ഥരെയും പൊതു പ്രതിനിധികളെയും അറിയാമെന്ന് ലാൻഡ് ബ്രോക്കർമാർ തെറ്റിദ്ധരിപ്പിച്ചേക്കാം, എന്നാൽ അത്തരം സാഹചര്യങ്ങളിൽ വഞ്ചിതരാകാതെ ഉചിതമായ അധികാരികളോട് പരാതിപ്പെടണം.

ആളുകളെ വഴിതെറ്റിക്കുന്നതിനായി വ്യാജ പ്രചാരണം നടത്തുന്ന അനധികൃത ബ്രോക്കർമാർക്കും സാമൂഹിക വിരുദ്ധർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.