എറണാകുളം: വടക്കേക്കര പഞ്ചായത്തിൽ റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചിരിക്കുന്നത്.

വേഗത്തിൽ വളരുകയും തുടർച്ചയായി കായ്ക്കുകയും ചെയ്യുന്നു എന്നത് റെഡ് ലേഡിയുടെ സവിശേഷതകളാണ്. ഫലങ്ങൾ പറിച്ചു കഴിഞ്ഞാലും രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. കൂടാതെ നട്ടു കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ ഫലം പാകുമാകും എന്നതും ഈ ഇനത്തെ ഏറ്റവും ആകർഷകമാക്കുന്നു. രോഗപ്രതിരോധശേഷി റെഡ് ലേഡി പപ്പായക്ക് കൂടുതലാണ്.

വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ആറായിരത്തോളം തൈകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പുരുഷ വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വ്യാവസായികാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. മടപ്ലാത്തുരുത്ത് ഒൻപതാം വാർഡിലെ സ്മൈൽ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി തരിശുകിടന്ന സ്ഥലത്ത് ഇതിനായി നിലമൊരുക്കി.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഒരു കോടി ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് റെഡ്ലേഡി പപ്പായ തൈകൾ വിതരണം ചെയ്തത്. കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: വടക്കേക്കര പഞ്ചായത്തിലെ റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിക്കുന്നു