യു.പി.എസ്.സി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന സിവിൽ സർവീസ് (പ്രാഥമിക) പരീക്ഷ ഒക്‌ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും.

കേരളത്തിൽ നിന്നും 30000 ത്തോളം അപേക്ഷകരാണുളളത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിനായി വിശദമായ മാർഗരേഖ യു.പി.എസ്.സി പുറപ്പെടുവിച്ചു.

▶️ വിദ്യാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുളളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാം. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ അടക്കമുളള പൊതുഗതാഗത സേവനങ്ങൾ ഇതിനായി സർവീസ് നടത്തും.

▶️ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ/സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങി യാതൊരു വിവരസാങ്കേതിക ഉപകരണങ്ങളും കൊണ്ടുവരാൻ അനുവദിക്കില്ല. ഇതുറപ്പാക്കാൻ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

▶️ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പരീക്ഷാഹാളിലേക്ക് പ്രവേശനം നൽകും. കൃത്യമായ സാമൂഹിക അകലം പാലിച്ച് മാത്രമെ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുളള യാത്ര അനുവദിക്കൂ.

▶️ ഏതെങ്കിലും പരീക്ഷാർത്ഥിക്ക് പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഇൻവിജിലേറ്ററെ അറിയിക്കണം. ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും.

▶️ പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല.

▶️ എല്ലാ പരീക്ഷാർത്ഥികളും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇൻവിജിലേറ്റർ ആവശ്യപ്പെടുമ്പോൾ മാത്രമേ മുഖാവരണം മാറ്റേണ്ടതുളളൂ. 50 മീ. ചെറിയ ബോട്ടിൽ സാനിറ്റൈസർ പരീക്ഷാർത്ഥികൾക്ക് കൈയിൽ കരുതാം.