* മന്ത്രി എ.സി. മൊയ്തീൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി

പഞ്ചായത്ത് ഡയറക്ടറേറ്റിന് മികച്ച സേവന ഗുണനിലവാരത്തിനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ നടത്തി. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയതിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുന്ന രീതിയിൽ ജനസൗഹൃദ തദ്ദേശഭരണ സ്ഥാപനമെന്ന സർക്കാർ ലക്ഷ്യമാണ് പൂർണ്ണതയിലെത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ ജനസൗഹൃദ പൊതു സേവനത്തിന്റെ വേറിട്ട സംസ്‌കാരത്തിലേക്ക് സംസ്ഥാനത്തെ പ്രാദേശിക സർക്കാരുകൾ മുന്നേറുന്നത് മാതൃകാ നേട്ടങ്ങൾക്കുമൊപ്പം ഉയർത്തിപ്പിടിക്കാവുന്നതാണ്.

സേവനം നൽകുന്നതിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഫയൽ അദാലത്തുകൾ സംഘടിപ്പിച്ച് 10867 എണ്ണം തീർപ്പാക്കി. വർഷങ്ങളായി തീർപ്പാക്കി സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലധികം ഫയലുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നശിപ്പിച്ചു. വനിതാ ജീവനക്കാർക്കും സന്ദർശകർക്കുമായി വനിതാ ടോയിലെറ്റുകൾ, സന്ദർശകമുറി എന്നിവ സ്ഥാപിച്ചു. വിമൻ എംപവർമെന്റ് കമ്മിറ്റി രൂപീകരിച്ചു. കുടിവെള്ളസൗകര്യം, റാമ്പ്, വീൽചെയർ എന്നിവ ഏർപ്പെടുത്തി. ഓഫീസ് മോടിപിടിപ്പിച്ചു, സൗകര്യങ്ങൾ മെച്ചപ്പെടുത്തി, ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തി. മുഴുവൻ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് പിന്നിലെ ശക്തി. സംസ്ഥാനത്തെ നൂറു ശതമാനം ബ്ലോക്ക് പഞ്ചായത്തുകൾക്കും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിന് പിന്നിൽ പഞ്ചായത്ത് ഡയറക്ടറേറ്റിന്റെയും കിലയുടെയും പൂർണ്ണ സഹായം ലഭിച്ചിരുന്നു. പേപ്പർ രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കെത്താൻ ഗ്രാമ പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഐ എൽ ജി എം എസ് സംവിധാനം നാഴികകല്ലാവും. ചുരുങ്ങിയ ദിവസങ്ങൾക്കകം സംവിധാനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത ഇടമലക്കുടിയും പ്രളയത്തിൽ ഓഫീസ് കെട്ടിടം നാമാവശേഷമായ തലവടിയും മാത്രമാണ് ഇനി ഐ.എസ്.ഒ നിലവാരത്തിൽ എത്താനുള്ളത്. 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ൽ 7 ജില്ലാ പഞ്ചായത്തുകളും ഐ. എസ്. ഒ. അംഗീകാരം നേടിക്കഴിഞ്ഞു. കൊവിഡ് പ്രവർത്തനങ്ങളിൽ പൂർണ്ണ സമയ ഇടപെടൽ നടത്തിയ പഞ്ചായത്ത് ഡയറക്ടർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വി.എസ് ശിവകുമാർ എ.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. എൻ ഹരിലാൽ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി അജിത്കുമാർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർമാരായ എസ്. ജോസ്‌നമോൾ, ഒ. മീനാകുമാരി അമ്മ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.