കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ദേശീയ സാഹസിക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ വോളിന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ക്ക് സ്‌കൂബ ഡൈവിംഗ് പരിശീലനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ചെങ്കുളം ബോട്ടിംഗ് സെന്ററില്‍ നടക്കുന്ന പരിശീലന പരിപാടി വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.
മാനവരാശിയുടെ ചരിത്രത്തില്‍ പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. പലഘട്ടങ്ങളിലും ഇത്തരത്തില്‍ പരിശീലനം നേടുന്നവര്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്നു. പെട്ടിമുടിയിലും സ്‌കൂബ ടിം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. വെള്ളപൊക്ക ദുരന്ത സമയങ്ങളില്‍ സ്‌കൂബ ഡൈവിംഗ് ടീമിന്റെ സഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കോര്‍ഡിനേറ്റര്‍ വി സിജിമോന്‍ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു നന്ദിയും രേഖപ്പെടുത്തി .ജില്ലയിലെ പരിശീലനം ലഭിച്ചിട്ടുള്ള വോളന്റിയര്‍മാരില്‍ നിന്നും തിരഞ്ഞെടുത്ത 50 വോളന്റിയര്‍മാര്‍ക്കാണ് ഇപ്പോള്‍ ഡൈവിംഗിനുള്ള പ്രാഥമിക പരിശീലനം നല്‍കുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സിന് പ്രത്യേക പരിശീലനം നല്‍കുന്നത്.
സ്‌കൂബ ഡൈവിംഗിന്റ പ്രാഥമിക പരിശീലം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കായി അഡ്വാന്‍സ്ഡ് ട്രെയിനിംങും പിന്നീട് നടത്താനാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശീലന പരിപാടി നടക്കുന്നത്. 5 പേരുടെ പ്രത്യേക ടീമുകളായി തിരിഞ്ഞാണ് ഡൈവിംഗ് പരിശീലനം. സിറാജ്, ജിബിന്‍ സ്‌കറിയ, ബിജുകുമാര്‍,നിഖില്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പരിശീലനം നടക്കുക. സ്‌കൂബ ടിം അംഗങ്ങള്‍ക്കുള്ള സാങ്കേതിക സംവിധാനങ്ങളും എത്തിച്ചാണ് പരിശീലനം.