എല്ലാ പഞ്ചായത്തിലും സപ്ലൈകോ ഔട്ട്‌ലെറ്റ് ലക്ഷ്യം : മന്ത്രി പി. തിലോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും സപ്ലൈകോ  ഔട്ട്‌ലെറ്റുകൾ തുടങ്ങുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. ചെമ്മരുതി പഞ്ചായത്തിലെ  പാളയംകുന്നിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിന്റെ പുതിയ കെട്ടിടം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാരിന്റെ കാലയളവിൽ അവശ്യസാധനങ്ങൾക്ക് വില വർദ്ധിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ന്യായമായ വിലയിൽ ജനങ്ങൾക്ക് ഭക്ഷ്യസാമഗ്രികൾ സർക്കാർ ലഭ്യമാക്കും. രാജ്യത്തെ ഏറ്റവും വലുതും കാര്യക്ഷമവുമായ പൊതുവിതരണ സംവിധാനം കേരളത്തിലേതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മറ്റ്‌ അഞ്ച് കേന്ദ്രങ്ങളിലെ സപ്ലൈകോ ഔട്ലെറ്റുകളുടെ ഉദ്ഘാടനവും ഇതിനൊപ്പം മന്ത്രി നിർവ്വഹിച്ചു. സപ്ലൈകോ ചെയർമാൻ & മാനേജിങ് ഡയറക്ടർ അലി അസ്ഗർ പാഷ സ്വാഗതം പറഞ്ഞു. പാളയംകുന്നിലെ പുതിയ മാവേലി സ്റ്റോർ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ വി.ജോയ് എം.എൽ.എ അധ്യക്ഷത വഹിക്കുകയും ആദ്യ വിൽപ്പന നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, വാർഡ് മെമ്പർമാരായ വി. ജയസിംഹൻ, ആർ. ജനാർദ്ധനകുറുപ്പ്, സപ്ലൈകോ റീജിയണൽ മാനേജർ ജയപ്രകാശ്, ആറ്റിങ്ങൽ താലൂക്ക് ഡിപ്പോ മാനേജർ ജയശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങാണ് സംഘടിപ്പിച്ചത്.