എറണാകുളം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. 14 ബ്ലോക്ക് പഞ്ചായത്തുകളിലായി 102 ഡിവിഷനുകളാണ് വനിതാ സംവരണമായി തിരഞ്ഞെടുത്തത്. ഇതിൽ മൂന്നെണ്ണം പട്ടികജാതി വനിതകൾക്കായും തിരഞ്ഞെടുത്തു. വൈപ്പിൻ ബ്ലോക്കിലെ ഡിവിഷൻ രണ്ടും വടവുകോട് ബ്ലോക്കിലെ ഡിവിഷൻ ഒൻപതും മുളന്തുരുത്തി ബ്ലോക്കിലെ ഡിവിഷൻ അഞ്ചുമാണ് പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തത്. 14 ഡിവിഷനുകൾ പട്ടികജാതി പൊതു വിഭാഗത്തിനായും സംവരണം ചെയ്തു.
നിയമപ്രകാരം 50 ശതമാനം സീറ്റുകളാണ് വനിതകൾക്കായി തിരഞ്ഞെടുത്തത്. 2015ൽ ജനറൽ ആയിരുന്ന മുഴുവൻ ഡിവിഷനുകളും 2020ൽ വനിതാ ഡിവിഷനുകളായാണ് തീരുമാനിച്ചത്. ആകെ ഡിവിഷനുകളുടെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന ബ്ലോക്കുകളിൽ അധികം വരുന്ന ഡിവിഷൻ വനിതകൾക്കായി പരിഗണിച്ചു. നറുക്കെടുപ്പിലൂടെയാണ് ഇത് തിരഞ്ഞെടുത്തത്.. മുൻ വർഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വനിതാ ഡിവിഷൻ ഒഴിവാക്കിയാണ് നറുക്കെടുത്തത്. പട്ടികജാതി വിഭാഗ സംവരണ സീറ്റുകളും നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു.