നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബില്‍ ജില്ലാ ആശുപത്രി പരിസരം സജീവമായി. നൃത്തമാസ്വദിക്കാന്‍ ചുറ്റും കൂടിയവര്‍ക്കു മുന്നില്‍ രോഗപ്രതിരോധത്തിന്റെയും ശുചിത്വത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചാണ് അവര്‍ വേദിവിട്ടത്. പിന്നാലെ ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ മുന്‍കരുതലുകളെക്കുറിച്ച് എം. മുകേഷ് എം.എല്‍.എയും മറ്റു വിശിഷ്ടാതിഥികളും വിശദമാക്കി. രോഗപ്രതിരോധ സംവിധാനങ്ങളുടെയും ബോധവത്കരണ പോസ്റ്ററുകളുടെയും പ്രദര്‍ശനവും ജനങ്ങള്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാര്‍ പരമ്പരയിലെ ആദ്യ പരിപാടിയായിരുന്നു വേദി.
പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്‍കരുതല്‍ കൂടുതല്‍ വ്യാപകവും സജീവവുമാക്കാന്‍ സെമിനാര്‍ ഉപകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.   ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.
വേനല്‍ക്കാലത്തും മഴക്കാലത്തും രോഗം പകരുന്നത് തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ആര്‍. സന്ധ്യയും പുതിയ  ശുചിത്വസംസ്‌കാരത്തിന്റെ അനിവാര്യതയെക്കുറിച്ച് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരനും സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ ആശംസയര്‍പ്പിച്ചു.
ആരോഗ്യവകുപ്പും ശുചിത്വ മിഷനും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഫോഗിംഗ് മെഷീന്‍ ഉള്‍പ്പെടെ കൊതുക് നിയന്ത്രണത്തിനുള്ള രാസ, ജൈവ സാമഗ്രികളും ഉറവിട നശീകരണ മാര്‍ഗങ്ങളും ശുചിത്വ ശീലങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. റമിയ ബീഗം നന്ദിയും പറഞ്ഞു.