എറണാകുളം: ജില്ലയിലെ മുളന്തുരുത്തി, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കോട്ടയം ജില്ലയിലെ ചെമ്പ് വരെ നീളുന്ന 10 കിലോമീറ്റര്‍ തീരദേശപാത പ്രദേശത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലാകുന്നു. കോട്ടയം എറണാകുളം പ്രധാനപാതയ്ക്ക് സമാന്തരമായി പോകുന്ന തീരദേശപാത ഗതാഗത സൗകര്യങ്ങളും വികസനവും എത്താതിരുന്ന മുളന്തുരുത്തി, ആമ്പല്ലൂര്‍ പഞ്ചായത്തുകളിലെ പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയാവുകയാണ്.
ആമ്പല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ തീരദേശ പാതയുടെ വികസനത്തിനായി 80 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കുള്ള ഭരണാനുമതികൂടി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് ലഭിച്ചിട്ടുണ്ട്. റംസാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ കരിനിലങ്ങള്‍ക്കും കരപ്രദേശങ്ങള്‍ക്കും അതിരിട്ടാണ് പുതിയ തീരദേശപാത നിര്‍മ്മിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും പട്ടികജാതി വിഭാഗങ്ങളും ഭൂരിപക്ഷമായിട്ടുള്ള പ്രദേശത്തിന്‍റെ യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ് ഇതിലൂടെ.
1700 ഏക്കറോളം വരുന്ന കരിനിലങ്ങളില്‍ കാര്‍ഷിക വികസനത്തിനും തീരദേശറോഡ് പ്രതീക്ഷ നല്‍കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ ഇനി അനായാസം എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. വെള്ളക്കെട്ട് ഭീഷണി നേരിടുന്ന തീരദേശമേഖലയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും റോഡ് സൗകര്യമാകും. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 2.5 കോടിരൂപയുടെ റോഡ് വികസന പദ്ധതികളാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ആമ്പല്ലൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകളിലെ തീരദേശ മേഖലകളില്‍ നടപ്പിലാക്കിയത്.
