കാലത്തിന്റെ മാറ്റങ്ങളുള്‍ക്കൊണ്ട് ഹൈടെക് യുഗത്തിന്റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തരും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതിന് തിരിച്ച് തരേണ്ടത് അക്കാദമിക് മികവാണ്. ലോകത്തിന് തന്നെ മാതൃകയാവുന്ന എഞ്ചിനീയര്‍മാര്‍ ഈ സ്ഥാപനത്തില്‍ നിന്നും ഉയര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് നിലവാരം ആധുനിക ലോകത്തിലെ ഏത് മേഖലയിലും പ്രതിഫലിക്കുന്ന തരത്തില്‍ ആകണം. കേവലം പരീക്ഷാപഠനമല്ല നമുക്ക് ആവശ്യം. അതുപോലെ സാമ്പ്രദായിക ഉല്‍പ്പന്നങ്ങളും കാലത്തിന് പുറത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. വാഹന നിര്‍മ്മാണത്തിന് പോലും മോളിക്യുലാര്‍ സംവിധാനം സംബന്ധിച്ച് ഗവേഷണം നടക്കുകയാണ്. പുതുയുഗ പിറവി എന്നാല്‍ മികച്ച ഗവേഷകരും മികച്ച ഗവേഷണ തലവും മികവുറ്റ ഉല്‍പ്പന്നങ്ങളും ചേര്‍ന്നതാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സില്‍വര്‍ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സാങ്കേതിക മികവില്‍ ഡോ. അബ്ദുള്‍ കലാമും വിശ്വേശ്വരയ്യയും ഇന്ന് നമ്മോടൊപ്പമുളള ഇശ്രീധരനും വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെളളിപ്പാടി, മുന്‍ മന്ത്രി സി ടി അഹമ്മദലി, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍ ബി എസ് ഡയറക്ടര്‍ ഡോ. ഷാജി സേനാധിപന്‍ സ്വാഗതവും ഡോ. അബൂബക്കര്‍ കടങ്കല്‍ നന്ദിയും പറഞ്ഞു.