എറണാകുളം : കോവിഡ് കാലം വിദ്യാഭ്യാസ മേഖലയിൽ ഇതുവരെ പരിചിതമല്ലാത്ത സാഹചര്യങ്ങളിലേക്ക് വിദ്യാർത്ഥികളെ എത്തിച്ചപ്പോളും തോറ്റുകൊടുക്കാൻ അനുവദിക്കാതെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുകയാണ് ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാർ. ജില്ലയിൽ ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 846 പട്ടികജാതി വിദ്യാർത്ഥികൾക്കാണ് ജീവനക്കാരുടെ ശ്രമ ഫലമായി ടെലിവിഷനുകൾ എത്തിച്ചു നൽകിയത്. 275 ടെലിവിഷനുകളും 49 ടാബ്‌ലെറ്റുകളും 18 സ്മാർട്ട് ഫോണുകളും ജില്ലയിൽ ആകെ വിതരണം ചെയ്തു.
വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസർ മുന്നോട്ടു വെച്ച ടി. വി. ചലഞ്ച് ഏറ്റെടുത്തുകൊണ്ടയിരുന്നു ജീവനക്കാരുടെ പ്രവർത്തനം. ജില്ലയിലെ പട്ടികജാതി വികസന ഓഫീസിനു കീഴിൽ വരുന്ന 15 ബ്ലോക്ക് ഓഫീസുകളിലും 3 മുൻസിപ്പാലിറ്റി ഓഫീസുകളിലും കോർപറേഷൻ ഓഫീസിലും ടി. വി. ചലഞ്ച് നടന്നു. വിവിധ സ്ഥാപനങ്ങളുടെ സി. എസ്. ആർ ഫണ്ടുകൾ, സഹകരണ കൂട്ടയ്മകൾ, സംഘടനകൾ തുടങ്ങിയവർ ടി. വി ചലഞ്ചിന്റെ ഭാഗമായി ടെലിവിഷനുകൾ സ്പോൺസർ ചെയ്തു. ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെ ടി. വി ചലഞ്ചിന് അംഗീകാരമെന്ന നിലയിൽ 101-മത്തെ ടി. വി. വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് നൽകുകയും ചെയ്തു. ടി. വി ചലഞ്ചിന്റെ പ്രവർത്തനങ്ങൾ മനസിലാക്കിയ ജനപ്രതിനിധികളും ചലഞ്ചിന്റെ ഭാഗമായി. പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന വകുപ്പിലെ പ്രൊമോട്ടർമാരും ടി. വി ചലഞ്ചിൽ മാതൃകപരമായ പ്രവർത്തനമാണ് കാഴ്ച വച്ചത്. ജില്ലാ ഓഫീസിലെ ജീവനക്കാരനായ എസ്. ശ്രീനാഥ് മുവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ 22 ടി. വി കൾ എത്തിച്ചു നൽകാൻ നേതൃത്വം നൽകി. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഏറ്റവും മികച്ച രീതിയിൽ ടി. വി. ചലഞ്ച് നടത്തിയത് എറണാകുളം ജില്ലാ ഓഫീസ് ആയിരുന്നു.
ബ്ലോക്ക് ഓഫീസ് തലത്തിൽ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തിയ ശേഷമാണ് ടി. വി കൈമാറിയത്. വാഴക്കുളം പട്ടികജാതി വികസന ഓഫീസ് പരിധിയിൽ ആണ് ഏറ്റവുമധികം ടി. വി കൾ വിതരണം ചെയ്തത്. 114 വിദ്യാർത്ഥികൾക്കാണ് ഇവിടെ ടി. വി എത്തിച്ചു നൽകിയത്. 12 ടെലിവിഷനുകളും 11 ടാബ്‌ലെറ്റുകളും ഇവിടെ വിതരണം ചെയ്തു. ജില്ലയിലെ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ടെലിവിഷനുകൾ എത്തിച്ചു നൽകിയതിന്റെ ചാരിതാർഥ്യത്തിലാണ് ജില്ലാ പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ.