എറണാകുളം: കന്നിമാസത്തിലെ മകം നാളിലാണ് നെല്ലിൻ്റെ ജന്മദിനമായി ആചരിക്കുന്നത്. പഴമയുടെ പച്ചപ്പു നിറഞ്ഞ ഓർമ്മകളുടെ പാടത്ത് ഐശ്വര്യത്തിൻ്റെ നിലവിളക്ക് കൊളുത്തി ഈ ദിവസം വടക്കേക്കരയിലെ ജനത നെല്ലിൻ്റെ ജന്മദിനം ആഘോഷിക്കുകയാണ്. പഴയ കാല കാർഷിക സംസ്കൃതിയെ പുതുതലമുറയ്ക്ക് പകർന്നു നൽകി കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വടക്കേക്കര പഞ്ചായത്തിൽ നെൽകൃഷി വ്യാപന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

2018 ലുണ്ടായ പ്രളയം വടക്കേക്കരയിലെ കൃഷിയിടങ്ങളെ നശിപ്പിച്ചിരുന്നു. പ്രളയാനന്തര കേരളത്തിൻ്റെ വീണ്ടെടുപ്പിൻ്റെ ഭാഗമായി വടക്കേക്കരയിലും കാർഷിക മേഖല കരുത്താർജിച്ചു. 2019 ൽ സെപ്റ്റംബർ 26 നായിരുന്നു നെല്ലിൻ്റെ ജന്മദിനം. കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം എൽ.പി.എസ് അങ്കണത്തിൽ നിലമൊരുക്കി. തൃശ്ശൂർ ജില്ലയിലെ മാളയിൽ നിന്നും ഞാറു കൊണ്ടുവന്ന് നെൽകൃഷിയാരംഭിച്ചു. ഇന്നേക്ക് ഒരു വർഷം കഴിയുമ്പോൾ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇരുപതു വാർഡിലും നെൽകൃഷി സജീവമാണ്.

പരമ്പരാഗത സുഗന്ധ ഔഷധ നെല്ലിനങ്ങളുടെ സംരക്ഷണത്തിൻ്റെ ഭാഗമായി ഞവര, ഗന്ധകശാല, രക്തശാലി മുതലായ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നെല്ലിനങ്ങളുടെ കൃഷി വ്യാപന പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്തിലുടനീളം ചെയ്തു. ഉമ, കാഞ്ചന, ജൈവ, ചെട്ടി വിരിപ്പ് മുതലായ നെല്ലിനങ്ങളും വടക്കേക്കരയിൽ കൃഷി ചെയ്യുന്നു. നെല്ലിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്ത് നെൽകൃഷിയാരംഭിച്ചു.

ഞാറ്റടിയിൽ വിത്തു വിതയ്ക്കൽ കർമ്മം പറവൂർ എംഎൽഎ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ്, കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.കെ ബാബു, പഞ്ചായത്ത് അംഗങ്ങളായ അനിൽ ഏലിയാസ്, സി.ബി ബിജി, കൃഷി ഓഫീസർ എൻ.എസ് നീതു, കുഞ്ഞിത്തൈ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ജോർജ് തച്ചിലകത്ത്, ഭരണ സമിതി അംഗങ്ങൾ, ബാങ്ക് സെക്രട്ടറി ലസിത, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, നന്മ കൃഷി ഗ്രൂപ്പ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.