വികസനമുരടിപ്പ് അവസാനിപ്പിച്ച് വലിയ മാറ്റം കൊണ്ടുവരാന് പൊതുമരാമത്ത് വകുപ്പിന് സാധിച്ചു: മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ‘പുതിയ കേരളം പുതിയ നിര്‍മ്മാണം’ എന്ന ലക്ഷ്യം ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന പൊതുമരാമത്ത് വകുപ്പിന് സംസ്ഥാനത്തെ വികസന മുരടിപ്പ് അവസാനിപ്പിച്ച് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

നാലേകാല്‍ വര്‍ഷം കൊണ്ട് 517ഓളം പാലങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുവാനും ഇരുപത്തിയഞ്ചു ശതമാനം പാലങ്ങള്‍ കമ്മീഷന്‍ ചെയ്യാനും പൊതുമരാമത്ത് വകുപ്പിന് സാധിച്ചു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തന്നെ എഴോളം പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചു. നിരവധി പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ മണ്ഡലത്തിലാകെ പാലങ്ങളുടെ അറ്റക്കുറ്റപണിക്കും മണ്ണ് പരിശോധനയ്ക്കും സര്‍വ്വേക്കുമായി 150 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മ്മാണം നടക്കുന്ന പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാവേലിക്കര കോഴഞ്ചേരി റോഡില്‍ പച്ചത്തേകണ്ടം റോഡിന് കുറുകെ വരുന്ന പുത്തന്‍കാവ് പാലം ബലക്ഷയവും വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സൗകര്യമില്ലാത്തതും മൂലമാണ് പുനര്‍നിര്‍മ്മിക്കുന്നത്. 3.36കോടി രൂപ ചെലവില്‍ 13മീറ്റര്‍ വീതിയിലും, 15മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 1.30മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിക്കും.
ചടങ്ങില്‍ സജി ചെറിയാന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ഷിബു രാജന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ എബ്രഹാം, പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) ചീഫ് എന്‍ജിനിയര്‍ മനോമോഹന്‍, സൂപ്രണ്ടന്റ് എന്‍ജിനിയര്‍ മഞ്ജുഷ വി.ആര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സിനി. എ, ജനപ്രതിനിധികള്‍, രാഷ്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.