ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നടത്തിയ കൊല്ലം താലൂക്കുതല റവന്യൂ അദാലത്തില്‍ ലഭിച്ച 161 അപേക്ഷകളില്‍ അതിവേഗ നടപടികള്‍ക്ക് നിര്‍ദേശം.
ആരാധനാലയങ്ങളില്‍ അനുവദനീയമല്ലാത്ത ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം സംബന്ധിച്ച പരാതിയി•േല്‍ അടിയന്തര നടപടിയ്ക്ക് കൊല്ലം എ.സി.പിയെ ചുമതലപ്പെടുത്തി. ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആറ്റുകാല്‍ പുതുവല്‍, താന്നി, കളിക്കല്‍ കടപ്പുറം, ഇടവാ പുരയിടം, ഇരവിപുരം കടപ്പുറം പുറമ്പോക്ക് എന്നിവിടങ്ങളിലെ ഏഴ് പേര്‍ നല്‍കിയ അപേക്ഷ തീര്‍പ്പാക്കാന്‍  കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കൊല്ലം നഗര പരിധിയില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്ക്കറിന്റെ പ്രതിമ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ച് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം തഹസീല്‍ദാരോട് ആവശ്യപ്പെട്ടു.
പള്ളിമണ്‍ വില്ലേജില്‍ മിയ്യണ്ണൂര്‍ ഒമ്പതാം വാര്‍ഡില്‍ കനാല്‍ ജലത്തില്‍ മാലിന്യം തള്ളുന്നതിനെതിരെ സ്ഥല പരിശോധന നടത്തി ഗ്രാമപഞ്ചായത്ത്, കെ.ഐ.പി, പോലീസ് തലങ്ങളില്‍ നടപടി സ്വീകരിക്കണം. പി.എം.ഇ.ജി.പി പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ നിരസിക്കുന്നത് സംബന്ധിച്ച പരാതിയും അദാലത്തിലെത്തി. ഇത് പരിശോധിച്ച് അനുഭാവപൂര്‍വ്വം നടപടി സ്വീകരിക്കുന്നതിന് ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി.
ഡെപ്യൂട്ടി കലക്ടര്‍മാരായ സുമീതന്‍പിള്ള, എ. സുകു, പി.ആര്‍. ഗോപാലകൃഷ്ണന്‍, ബി. ശശികുമാര്‍, തഹസീല്‍ദാര്‍ അഹമ്മദ് കബീര്‍, തഹസീല്‍ദാര്‍(എല്‍.ആര്‍) ജോണ്‍സണ്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ദേവാനന്ദന്‍, ജാസ്മിന്‍ ജോര്‍ജ്ജ്, പി. രാജേന്ദ്രന്‍പിള്ള, ഡി. ലിസി, ബി.പി. അനി തുടങ്ങിയവര്‍ പങ്കെടുത്തു.