കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിഗണനാ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ വയനാട്ടിലെ 2011 വരെയുള്ള കാര്‍ഷിക കടങ്ങളും മറ്റു ജില്ലകളിലെ 2007 വരെയുള്ള കടങ്ങളുമാണ് കമ്മീഷന്‍ പരിഗണിച്ചത്. കൂടുതല്‍ വര്‍ഷത്തെ കടം പരിഗണിക്കുന്നത് നിരവധി കര്‍ഷകര്‍ക്ക് ആശ്വാസമാവും. ദേശസാത്കൃത ബാങ്കുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് പരിമിതിയുള്ളതിനാല്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക കടങ്ങളിലാവും കാലാവധി നീട്ടുന്നത് പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു. വയനാട് ആത്മയുടെ ടെക്‌നോളജി മീറ്റിന്റെ ഉദ്ഘാടനവും വിവിധ അവാര്‍ഡുകളുടെ വിതരണവും സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം റൂറല്‍ അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരെല്ലാം വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. പ്രകൃതിക്ഷോഭത്തില്‍ വിളകള്‍ നശിച്ചാല്‍ ഒരാഴ്ചയ്ക്കുള്ള ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. പുതിയ മാനദണ്ഡ പ്രകാരം വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിച്ചാലും ഇന്‍ഷ്വസന്‍സ് ലഭിക്കും. 26 വിളകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ ആറു മുതല്‍ ഒരു വര്‍ഷം വരെ സമയമെടുക്കും. ഓഖി ദുരന്തമുണ്ടായപ്പോള്‍ 2.88 ലക്ഷം വാഴകളാണ് നശിച്ചത്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 11 കോടി രൂപയുടെ നഷ്ടമുണ്ടായി. 3500 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. എന്നാല്‍ 187 പേര്‍ മാത്രമായിരുന്നു വാഴ ഇന്‍ഷ്വര്‍ ചെയ്തിരുന്നത്. ഇവര്‍ക്കുള്ള 68 ലക്ഷം രൂപ ഉടനടി ലഭിച്ചു. നേന്ത്ര വാഴയ്ക്ക് മുന്‍പ് നൂറു രൂപയായിരുന്നു നഷ്ടപരിഹാരമെങ്കില്‍ ഇപ്പോള്‍ 300 രൂപ ലഭിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാര്‍ഷിക നഷ്ടപരിഹാര തുക രണ്ടു മുതല്‍ 13 ഇരട്ടി വരെ വര്‍ദ്ധിപ്പിച്ചതായി മന്ത്രി പറഞ്ഞു.
വയനാട്ടിലെ കാപ്പി കര്‍ഷകരെ സംരക്ഷിക്കാന്‍ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും. റബറിനെ രക്ഷിക്കാനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ജോയിന്റ് ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. വയനാട് പ്രത്യേക കാര്‍ഷിക മേഖലയാകുന്നതോടെ ലീച്ചി, റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍ തുടങ്ങിയ ഫലവര്‍ഗങ്ങളിലൂടെ 20,000 കോടി രൂപയുടെ ഉത്പാദന സാധ്യതയാണ് കാണുന്നത്. പുഷ്പകൃഷിയുടെ മികച്ച പരിശീലന കേന്ദ്രമാക്കി വയനാടിനെ മാറ്റാന്‍ സാധിക്കും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട്ടില്‍ നിന്നുള്ള പുഷ്പങ്ങളും ഫലവര്‍ഗങ്ങളും യൂറോപ്പ്, ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയയ്ക്കുന്നതിന് വന്‍ സാധ്യതയുണ്ട്. ആഗസ്റ്റ് മാസത്തോടെ വയനാട്ടിലെ സുഗന്ധ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജൈവപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് മന്ത്രി വിതരണം ചെയ്തു. ആത്മ ലീഡ്‌സ് പുസ്തകങ്ങള്‍, സീറോ ബജറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് എന്നിവയുടെ പ്രകാശനവും നിര്‍വഹിച്ചു.
ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ എ. എം. സുനില്‍കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. എച്ച്. മെഹര്‍ബാന്‍, ജില്ലാ കാര്‍ഷിക വികസന സമിതി പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.