കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 14 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് താങ്ങായത്. ചികിത്സാ ആനുകൂല്യത്തിനായി ആയിരം കോടിയോളം രൂപയാണ് ഈ കാലയളവില്‍ ചെലവഴിച്ചത്.ഡയാലിസിസിനായി 1.4 ലക്ഷം പേര്‍ക്കായി 13 കോടി രൂപയുടെയും ഹൃദയ ചികിത്സയ്ക്കായി 37427 പേര്‍ക്ക് 181 കോടി രൂപയുടെയും ധനസഹായം നല്‍കി. ക്യാന്‍സര്‍ ചികിത്സയ്ക്കായി 69842 ഗുണഭോക്താക്കള്‍ക്ക് 84 കോടി രൂപയും വൃക്കരോഗ ചികിത്സയ്ക്കായി 7707 ഗുണഭോക്താക്കള്‍ക്കായി 15 കോടി രൂപയുമാണ് ധനസഹായം അനുവദിച്ചത്. കോവിഡ് രോഗബാധിതരായ 3600 ഓളം പേര്‍ക്കാണ് ചികിത്സാ ധനസഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.
24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ജനറല്‍ വാര്‍ഡ്, തീവ്ര പരിചരണ വാര്‍ഡ് എന്നിവിടങ്ങളില്‍ കിടത്തിയുള്ള ചികിത്സകള്‍ക്കാണ് ആനുകൂല്യം.കിടത്തി ചികിത്സ, മരുന്ന്, പരിശോധന തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മൂന്ന് ദിവസം മുന്‍പും വിടുതല്‍ ചെയ്തശേഷം 15 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകള്‍, ആവശ്യമായ മരുന്നുകള്‍, വേണ്ടി വരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകള്‍ എന്നിവയെല്ലാം ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. ഡയാലിസിസ്, റേഡിയേഷന്‍, കീമോതെറാപ്പി, കണ്ണു സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി കിടത്തി ചികിത്സയില്ലാത്തവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിടത്തി ചികിത്സയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സംസ്ഥാനത്താകെ മുന്നൂറോളം സ്വകാര്യ ആശുപത്രികളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. സേവനം നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം www.sha.kerala.gov.in ല്‍ ലഭ്യമാണ്. നിലവില്‍ ഗുണഭോക്താവല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ റഫറന്‍സുണ്ടെങ്കില്‍ ചികിത്സാ ധനസഹായം അനുവദിക്കും. സേവനത്തിനായി ആശുപത്രികളിലെല്ലാം കാസ്പ് കിയോസ്‌കുകള്‍ സജ്ജമാക്കുന്നുണ്ട്. ആധാര്‍ കാര്‍ഡ് അടക്കമുള്ള വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം. രേഖകളുടെ അടിസ്ഥാനത്തില്‍ കാസ്പ് കാര്‍ഡിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കും. അര്‍ഹരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കാസ്പ് കാര്‍ഡ് ലഭ്യമാകും. ഒരു വര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും.ഗുണഭോക്താക്കളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കി വന്ന കാരുണ്യ ബനവലന്റ് ഫണ്ട് കൂടി ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തതോടെ ചികിത്സാ ധനസഹായ പദ്ധതി കൂടുതല്‍ വേഗത്തില്‍ ആവശ്യക്കാരിലേക്കെത്തുന്നുണ്ട്. മുന്‍പ് ലഭിച്ചിരുന്ന മിക്ക ആനൂകൂല്യങ്ങളും നിലനിര്‍ത്തി അധിക സഹായ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്താണ് പദ്ധതി വിപുലപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കാസ്പില്‍ ഉള്‍പ്പെടാത്തതും മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ കുടുംബാംഗങ്ങള്‍ കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഗുണഭോക്താക്കളായി പരിഗണിക്കപ്പെടും. കാസ്പ് കിയോസ്‌കുകള്‍ വഴി പുതിയ അപേക്ഷ സമര്‍പ്പിക്കാം.
കാരുണ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ദിശയുടെ 1056 നമ്പരില്‍ ബന്ധപ്പെടാം. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ വെബ്‌സൈറ്റിലും (www.sha.kerala.gov.in) വിവരങ്ങള്‍ ലഭിക്കും.