കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സൂക്ഷ്മതയാർന്ന റിപ്പോർട്ടിങ് രീതി അവലംബിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം എം.പി. ആന്റണി പറഞ്ഞു. ഇൻഫർമേഷൻ പബഌക് റിലേഷൻസ് വകുപ്പിന്റെയും ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസ്‌ക്ലബിന്റെയും ആഭിമുഖ്യത്തിൽ ബാലാവകാശ, പോക്‌സോ നിയമങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ സമാപന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയിലെ കുട്ടികളുടൈ മനോവിചാരങ്ങൾ ഉൾക്കൊണ്ട് കുട്ടികൾക്ക് പ്രാധാന്യം നൽകിയാകണം റിപ്പോർട്ടുകൾ നൽകേണ്ടതെന്നും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള മാധ്യമ ഇടപെടലുകൾ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പുവരുത്തേണ്ട സാമൂഹിക ഉത്തരവാദിത്തം മാധ്യമപ്രവർത്തകർക്കുണ്ടെന്ന് ബാലാവകാശങ്ങളും മാധ്യമറിപ്പോർട്ടിങ്ങും നിയമപരമായ വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ച സി. ഗൗരീദാസൻ നായർ പറഞ്ഞു. അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ അവകാശം മരണത്തോടെ തീരുന്നില്ലെന്നും അതുകുടുംബങ്ങളിലേക്ക് നീളുന്നുണ്ടെന്ന് മനസിലാക്കിയാകണം റിപ്പോർട്ടുകൾ തയാറാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള അതിരുകൾ മായുന്ന, സാങ്കേതികവിദ്യയുടെ അനുഭവപരത കൂടുതലുള്ള സമൂഹത്തിൽ ആക്രമിക്കപ്പെടാനുള്ള പുതിയ സാധ്യതകൾ ഏറെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ പുനരധിവാസത്തിന് ഊന്നൽ നൽകണമെന്നും ഇവരെ തിരിച്ചറിയാൻ സഹായകമാകുന്ന വെളിപ്പെടുത്തലുകൾ ഒഴിവാക്കണമെന്നും ആമുഖപ്രഭാഷണം നടത്തിയ കമ്മിഷനംഗം അഡ്വ. ശ്രീല മേനോൻ പറഞ്ഞു.
അതിക്രമം നേരിടേണ്ടി വരുന്ന കുട്ടിയുടെ സ്വകാര്യത വെളിപ്പെടുമ്പോൾ അവരുടെ പുനരധിവാസം പോലും ഫലപ്രദമായി നടക്കില്ലെന്ന് ബാലാവകാശവും റിപ്പോർട്ടിങും പുനരധിവാസവും എന്ന വിഷയം അവതരിപ്പിച്ച ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.കെ. സുബൈർ പറഞ്ഞു. കുട്ടി തിരിച്ചറിയപ്പെടുന്നതോടെ പലപ്പോഴും പുനരധിവാസ സാധ്യത പരാജയപ്പെടുകയും നാടുവിട്ടു പോകേണ്ട അവസ്ഥ വരുകയും ചെയ്യുന്നുവെന്നത് റിപ്പോർട്ടിങിൽ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ കമ്മിഷനംഗം സിസ്റ്റർ ബിജി ജോസ് മോഡറേറ്ററായി. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷൻ പി.ആർ.ഒ. ആർ. വേണുഗോപാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളായ ഡി.എസ്. രാജ്‌മോഹൻ, കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.