വിദേശ ബ്ലോഗുകളിലും ഇനി കേരളപ്പെരുമ
‘കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. അതെല്ലാം സത്യമാണെന്ന് ഇപ്പോള്‍ കണ്ടറിഞ്ഞു’ – പോളണ്ടുകാരന്‍ എമിലിന്റെ വാക്കുകളില്‍ ആവേശം നിറഞ്ഞു നിന്നു. ഇതുവരെ കണ്ടതെല്ലാം തന്റെ ബ്ലോഗില്‍ കുറിച്ചു കഴിഞ്ഞെന്നും ഈ യുവാവ് കൂട്ടിച്ചേര്‍ത്തു. എമില്‍ ഉള്‍പ്പടെ  29 രാജ്യങ്ങളില്‍നിന്നുള്ള 30 പേരാണ് ടൂറിസം വകുപ്പ് സജ്ജമാക്കിയ ബ്ലോഗ് എക്‌സ്പ്രസില്‍ കേരള പര്യടനം നടത്തുന്നത്.
വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ളവരുടെ വീക്ഷണത്തിലൂടെ കേരളത്തിന്റെ സവിശേഷതകള്‍ ആഗോളതലത്തില്‍ എത്തിക്കുന്നതിനു ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് തുടക്കം കുറിച്ച യാത്ര  കാസര്‍കോട്ട് സമാപിക്കും.
യാത്രാനുഭവങ്ങളുടെ വിവരണം വീഡിയോയും ചിത്രങ്ങളുമുള്‍പ്പെടെ സംഘാംഗങ്ങള്‍ തത്സമയം ബ്ലോഗിലേക്ക് പകര്‍ത്തും. ഇതിനുവേണ്ട  സൗകര്യങ്ങളെല്ലാം വാഹനത്തിലും താമസസ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്.
യാത്രയുടെ തുടക്കത്തില്‍ തന്നെ പ്രകൃതിഭംഗിയുടെ കാണാക്കാഴ്ചകളാണ് മുന്നിലേക്കെത്തിയതെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കി. കൊല്ലത്ത് ബീച്ചും കായലോരവുമൊക്കെ സന്ദര്‍ശിച്ചശേഷം സംഘം ആലപ്പുഴയിലേക്ക് യാത്ര തുടര്‍ന്നു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സജീവ് എന്നിവരാണ് സംഘത്തെ സ്വീകരിച്ചത്.