എറണാകുളം : യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു . ഇതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുത്തു നടപ്പിലാക്കുന്ന കാര്‍ഷിക കര്‍മ്മ സേനയ്ക്ക് യന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ പി.കെ.ശേഖരന്‍ സ്മാരക തൊഴില്‍ സേനയ്ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി നിര്‍വ്വഹിച്ചു.

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പള്ളിപ്പുറം, കുഴിപ്പിള്ളി, എടവനക്കാട് , നായരമ്പലം, ഞാറക്കല്‍ പഞ്ചയത്തുകളിലായി 68 ഹെക്ടര്‍ സ്ഥലത്ത് പൊക്കാളി കൃഷി നടത്തുന്നുണ്ട്. പൊക്കാളി കൃഷിക്ക് കര്‍ഷക തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായാണ് ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി പറഞ്ഞു.