ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സ്ഥാപനേതര സംരക്ഷണത്തിലെ പദ്ധതിയായ വിഷമകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്കുള്ള സംസ്ഥാന ധനസഹായ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ. കെ പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തംഗം ബേബിലത ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബോഷന്‍ ഓഫീസര്‍ മനിത മൈത്രി, സോഷ്യല്‍ വര്‍ക്കര്‍ പി.ടി.അഭിത എന്നിവര്‍ സംസാരിച്ചു. വിഷമകരമായ സാഹചര്യത്തില്‍ വീടുകളിലും ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലും ജീവിക്കുന്ന കുട്ടികളെ സാമ്പത്തികമായി പ്രാപ്തരാക്കുന്നതിനുള്ള പദ്ധതിയാണ് സംസ്ഥാന ധനസഹായ പദ്ധതി. പ്രിവന്റീവ് ആന്‍ഡ് റീഹാബിലിറ്റേറ്റീവ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുടെ ജില്ലാതല സഹായ വിതരണം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴിയാണ് നടത്തുന്നത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അസ്മിത പി.എം. ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.