രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് പ്രാദേശികമായി തന്നെ പരിചരണവും ശ്രദ്ധയും തുടർച്ചയായി ലഭ്യമാക്കാൻ കഴിയുംവിധം സംവിധാനമൊരുക്കി സാന്ത്വനപരിചണം ശക്തമാക്കുന്നതിനായി ആരോഗ്യകേരളം പദ്ധതി പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമാകുന്നു.
കിടപ്പിലായ രോഗിയോ നിരാലംബരായവരോ അഭയമന്ദിരങ്ങളോ സദനങ്ങളോ തേടിപോകാനിടയാകാത്തവിധം സജീവമായി ഇടപെടാൻ കഴിയുന്ന വിധം പാലിയേറ്റീവ് പരിചരണ സംവിധാനമൊരുക്കുകയാണ് സാന്ത്വനമേകാൻ അയൽക്കണ്ണികൾ എന്ന പേരിൽ സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന പദ്ധതിയിലൂടെ ലക്ഷ്യമാകുന്നത്.
പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ജില്ലയിലെ നഗരസഭാ, ഗ്രാമപഞ്ചായത്ത് തലത്തിൽ ഓരോ വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിൽ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ, എ.ഡി.എസ് എന്നിവർക്ക് പരിശീലനം നൽകും.
വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ ചുമതലയുള്ള ആരോഗ്യപ്രവർത്തകർ, എ.ഡി.എസ്, ആശാ പ്രവർത്തകർ, വാർഡിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ, കുടുംബ ആരോഗ്യ സന്നദ്ധ പ്രവർത്തകർ, പാലിയേറ്റീവ് കെയർ നഴ്‌സ്, അങ്കണവാടി പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, സാമൂഹ്യ സന്നദ്ധ പ്രതിനിധികൾ, വിദ്യാർത്ഥികൾ, തുടങ്ങിയവരെ പങ്കെടുപ്പിച്ച് വാർഡ് തലത്തിൽ യോഗം ചേരും.
യോഗത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ, ദീർഘകാല രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, നിലവിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, ആരോഗ്യസ്ഥാപനത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ, സാന്ത്വനപദ്ധതി വിശദീകരണം , തുടർപ്രവർത്തനങ്ങളുടെ ആസൂത്രണം, കുടുംബ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച ഫോം പരിചയപ്പെടുത്തൽ എന്നിവ ചർച്ച ചെയ്യും.
ജില്ലാതലത്തിൽ തിരഞ്ഞെടുത്ത വാർഡ് പ്രതിനിധികൾക്കുള്ള പരിശീലനം, വാർഡ്തല യോഗങ്ങൾ, വാർഡ്തല ആരോഗ്യവിവര ശേഖരണം, അവലോകനം എന്നിവ ഏപ്രിൽ മാസത്തിൽ നടത്തും.
മെയ് മാസത്തിൽ വാർഡ്തല പാലിയേറ്റീവ് കെയർ പരിശീലനം പദ്ധതി മുഴുവൻ വാർഡിലേക്കും വ്യാപിപ്പിക്കൽ എന്നിവ നടത്തും. ജൂണിൽ ജില്ലാതല അവലോകനവും ജൂലൈയിൽ ഒക്‌ടോബർ വരെയുള്ള തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ ആവിഷ്‌ക്കരിക്കും. ഒക്‌ടോബർ രണ്ടിന് സമ്പൂർണ്ണ സാന്ത്വനമേകാൻ അയൽക്കണ്ണികൾ എന്ന പദ്ധതിയിലൂടെ ജില്ലാതല പ്രഖ്യാപനവും നടത്തും.
കലക്‌ട്രേറ്റ് സമ്മേളനഹാളിൽ ഇതുസംബന്ധിച്ച ആലോചനായോഗം ജില്ലാകലക്ടർ ജി.ആർ. ഗോകുൽ നിർവഹിച്ചു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ. പി.കെ. സുഷമ അധ്യക്ഷയായിരുന്നു. ഡോ. സുരേഷ് വർഗ്ഗീസ് പദ്ധതി വിശദീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുന്ദരം, പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ സി.വി. വർഗ്ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എ.ഡി.എസ് ചെയർപേഴ്‌സൺമാർ, ആശ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
