എറണാകുളം: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സംഘം ജില്ലയിൽ സന്ദർശനം നടത്തി.തിരുവനന്തപുരം റീജിയണൽ ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിൻ,സഫ്ദർജങ് ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം അധ്യാപകനായ ഡോ.നീരജ് കുമാർ ഗുപ്ത എന്നിവരാണ് ജില്ലയിൽ എത്തിയത്.

കോവിഡ് പ്രതിരോധത്തിന്റെ ആദ്യ നാളുകൾ മുതൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസ് സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ, ലോക്ക് ഡൗണിനോട് അനുബന്ധിച്ചു നടത്തിയ വന്ദേ ഭാരത്, ശ്രമിക് ട്രെയിനുകൾ, കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ, കോൺടാക്ട് ട്രൈസിങ് തുടങ്ങിയ വിവരങ്ങൾ അവതരിപ്പിച്ചു. ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചശേഷം നടത്തിയ പ്രവർത്തനങ്ങളും സർവ്വേയിലൻസിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളും വിശദീകരിച്ചു. സംസ്‌ഥാനത്തു ആദ്യമായി പ്രവർത്തനം ആരംഭിച്ച എഫ്. എൽ. ടി. സി, എസ്. എൽ. ടി. സി കളുടെ പ്രവർത്തന രീതിയും ജില്ലയിലെ കോവിഡ് പ്രതിരോധരീതിയും കളക്ടർ സംഘത്തിന് വിശദീകരിച്ചു നൽകി.

ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സംഘം സന്ദർശനം നടത്തി. കോവിഡ് അപെക്സ് കേന്ദ്രമായ എറണാകുളം പി. വി. എസ് ആശുപത്രി,ഐ. സി 4 കേന്ദ്രം (കോവിഡ് ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്ക് ), അങ്കമാലി താലൂക്ക് ആശുപത്രി, ഡോൺ ബോസ്കോ ബോയ്സ് ഹോം, അഡ്ലക്സ് എസ്. എൽ. ടി. സി, തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, അങ്കമാലി താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം എത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും കളക്ടർക്കൊപ്പം കേന്ദ്ര സംഘവുമായുള്ള ചർച്ചകളിൽ പങ്കെടുത്തു.