കുറഞ്ഞ കാലംകൊണ്ട് പരമാവധി വികസനമെത്തിക്കാനായി: വി.കെ പ്രശാന്ത് എം.എല്‍.എ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുറഞ്ഞകാലം കൊണ്ട് പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി വി.കെ പ്രശാന്ത് എം.എല്‍.എ.‘ജീവനി’ പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നരവര്‍ഷക്കാലത്തിനിടയില്‍ മണ്ഡലത്തിലെ നൂറോളം റോഡുകള്‍ നവീകരിച്ചു. പശ്ചാത്തല വികസന രംഗത്ത് ഏറെ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ട്.
കൃഷിയില്‍ താത്പര്യമുള്ളവര്‍ക്ക് വലിയ പ്രോത്സാഹനമാണ് ജീവനി പദ്ധതിയിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയൂടെ ഭാഗമായി 58 കര്‍ഷകര്‍ക്കാണ് ഇന്ന് മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്തത്. കോവിഡ് മാനദണ്ഡമനുസരിച്ച് വിവിധ സമയങ്ങളിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കട്ല, രോഹു, മൃഗാള്‍ എന്നിങ്ങനെ വിവിധയിനം കുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടപ്പാക്കുന്ന ഇരുപത് ദിന കര്‍മ്മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യക്കുഞ്ഞുങ്ങളെ ഇന്ന് വിതരണം ചെയ്തത്.