തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഡിസംബര്‍ മുതല്‍ മൃഗങ്ങള്‍ എത്തിത്തുടങ്ങും

ആകാശ് ഒരു സിംഹമാണ്. നിക്കു പുള്ളിപ്പുലിയും. രണ്ടുപേരും ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്. കൂടിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിയിറങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടെ കിരണ്‍ കടുവയും പോപ്പി ഹിപ്പോയും ടുട്ടു പശുവും മൃഗശാലയിലെ മറ്റു കൂട്ടുകാരുമുണ്ടാവും. തൃശൂര്‍ പുത്തൂരില്‍ 350 ഏക്കറില്‍ ഒരുക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡിസംബര്‍ മുതല്‍ മൃഗശാലയിലെ ജീവികളെ മാറ്റിത്തുടങ്ങും. 300 കോടി രൂപ ചെലവഴിച്ചാണ് മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായി പാര്‍ക്ക് ഒരുക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇവിടെ അധികമായുള്ള മൃഗങ്ങളെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൈമാറി, അവിടെ നിന്ന് കൂടുതല്‍ ജീവജാലങ്ങളെ പാര്‍ക്കിലേക്ക് കൊണ്ടുവരും. ചില മൃഗങ്ങളെ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിക്കാനും ആലോചനയുണ്ട്. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനത്തിലെ 511 ജീവികളാണ് ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുള്ളത്. ആറു മാസം കൊണ്ട് ഇവയെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിക്കും. അടുത്ത വര്‍ഷം സുവോളജിക്കല്‍ പാര്‍ക്ക് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
ലോക പ്രശസ്ത മൃഗശാല ഡിസൈനര്‍ ജോന്‍ കോ ഇന്ത്യയില്‍ ആദ്യമായി ഡിസൈന്‍ ചെയ്ത പാര്‍ക്കാണ് പുത്തൂരിലേത്. പ്രശസ്തമായ ബാലി സഫാരി ആന്റ് മറൈന്‍ പാര്‍ക്ക്, സിഡ്‌നി ടാറോംഗ മൃഗശാല തുടങ്ങിയവ ജോന്‍ കോ ആണ് ഡിസൈന്‍ ചെയ്തത്. ആസ്‌ട്രേലിയ, കാനഡ, ചൈന, ജര്‍മനി, ഘാന, ഇന്‍ഡോനേഷ്യ, യു. എ. ഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ മൃഗശാലകള്‍ അദ്ദേഹം രൂപകല്‍പന ചെയ്തിട്ടുണ്ട്. ഭുവനേശ്വര്‍, കോയമ്പത്തൂര്‍ മൃഗശാലകളുടെ മാസ്റ്റര്‍പ്‌ളാനുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വന്യജീവികളെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ തുറസ്സായി പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പുതിയ പാര്‍ക്കിന്റെ പ്രത്യേകത. ഇത്തരത്തില്‍ 23 വാസസ്ഥലങ്ങളുണ്ടാവും. ഇവയില്‍ മൂന്ന് എണ്ണം വിവിധയിനം പക്ഷികള്‍ക്കുള്ളതാണ്. വിശാലമായ പാര്‍ക്കിംഗ് സ്ഥലം, റിസപ്ഷന്‍ ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, സര്‍വീസ് റോഡുകള്‍, ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ടോയിലറ്റ് ബ്‌ളോക്കുകള്‍, ട്രാം സ്റ്റേഷനുകള്‍, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, കഫറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്‌സുകള്‍, വെറ്ററിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന അധുനിക ഭക്ഷണശാലകള്‍ എന്നിവ പാര്‍ക്കിന്റെ ഭാഗമായുണ്ടാവും.

സന്ദര്‍ശകര്‍ക്ക് ട്രാമില്‍ സഞ്ചരിച്ച് മൃഗങ്ങളെ കാണാം. ഇതിനായി നാല് ട്രാമുകള്‍ സജ്ജമാക്കും.തൃശൂര്‍ വനം ഡിവിഷനിലെ പട്ടിക്കാട് റേഞ്ചിലെ 136.85 ഹെക്ടര്‍ വനഭൂമി ഉള്‍പ്പെടുന്നതാണ് പുതിയ സുവോളജിക്കല്‍ പാര്‍ക്ക്. തൃശ്ശൂര്‍ നഗരത്തില്‍ 13 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ മൃഗശാലയുടെ പ്രധാന പോരായ്മ സ്ഥലപരിമിതിയായിരുന്നു. പുതിയ സുവോളജിക്കല്‍ പാര്‍ക്കിലൂടെ ഇതിന് പരിഹാരമാകും. 2016-17-ലെ പുതുക്കിയ ബഡ്ജറ്റില്‍ അവതരിപ്പിച്ച തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രാവര്‍ത്തികമാകുന്നത്.