തിരുവനന്തപുരം അനന്തവിലാസം കൊട്ടാരത്തിൽ കേരള ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സാംസ്‌കാരിക സൗധം തുറന്നു. ലളിതകലാ അക്കാദമിയുടെ ആർട്ട് ഗ്യാലറിയും വില്പന കൗണ്ടറും, കേരള ചരിത്രവും പൈതൃകവും പ്രദർശിപ്പിക്കുന്ന ഫോട്ടോ ഗ്യാലറി, ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചുമർ ചിത്ര ഗ്യാലറിയും ചേർത്ത് ഒരു ചിത്രമാളികയും ഉൾപ്പെടുന്നതാണ് സാംസ്‌കാരിക സൗധം. സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ സാംസ്‌കാരിക സൗധം ഉദ്ഘാടനം ചെയ്തു.

സാംസ്‌കാരിക രംഗത്തെ ചലനാത്മക വർഷങ്ങളാണ് കടന്നുപോയതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പരമാവധി സാംസ്‌കാരിക സ്ഥാപനങ്ങളെ ഉൾക്കോള്ളിച്ച് ആശ്വാസം നൽകാൻ സാധിച്ചു. കലാകാരൻമാർക്ക് വിപണനത്തിന് സൗകര്യം ഒരുക്കുന്നതിന് 20 റൂറൽ ആർട്ട് ഹബ്ബ് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.
ബഹുമുഖമായ പരിപാടികൾ സാംസ്‌കാരിക രംഗത്ത് മാറ്റങ്ങളുണ്ടാക്കിയതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പുരാവസ്തു മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.  കൊട്ടാരത്തിൽ തുടങ്ങിയ സാംസ്‌കാരിക ഉന്നതസമിതി കാര്യാലായം, ടി.കെ രാമകൃഷ്ണൻ ഹാൾ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

പുരാരേഖ വകുപ്പിന്റെ കേരളചരിത്ര ചിത്രീകരണ പദ്ധതിയുടെ ഭാമായി വാസ്തുവിദ്യാ ഗുരുകുലം കലാകാര•ാർ രചിച്ച ചിത്രങ്ങൾ, സാംസ്‌കാരിക ഉന്നതസമിതി ബുള്ളറ്റിൻ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു.
വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ടി.കെ.എ നായർ, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്ജ്, സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ബുക്ക്മാർക്ക് സെക്രട്ടറി  എ. ഗോകുലേന്ദ്രൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. റജികുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.