ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും.

വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെർമിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാൻ പാടില്ല. പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പ്രദർശിപ്പിക്കാവു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.

📢സ്ഥാനാര്‍ഥികള്‍, പ്രചരണ സംഘങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍...📢

ഗൃഹസന്ദര്‍ശനത്തിന് പോകുന്ന സംഘത്തില്‍ അഞ്ചു പേരില്‍ കൂടാന്‍ പാടില്ല. രണ്ട് മീറ്റര്‍ അകലം പാലിച്ചു ആശയവിനിമയം നടത്തണം. സ്ഥാനാര്‍ഥിയും പ്രചരണ സംഘാംഗങ്ങളും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. മുഴുവന്‍ സമയവും സാനിറ്റൈസര്‍ കരുതണം. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, രോഗികള്‍, മറ്റ് ആരോഗ്യപ്രശ്നമുള്ളവര്‍ തുടങ്ങിയവരെ നേരില്‍ സന്ദര്‍ശിക്കാന്‍ പാടില്ല. ഹസ്തദാനം, ആലിംഗനം, നോട്ട്മാല, പുഷ്പഹാരം, ഷാള്‍ അണിയിക്കല്‍ എന്നിവ ഒഴിവാക്കണം. നോട്ടീസ്, പ്രസ്താവന തുടങ്ങിയവ കൈപ്പറ്റുന്നവര്‍ ഉടന്‍ കൈ ശുദ്ധീകരിക്കണം.