ശബരി പാത യാഥാർത്ഥ്യമാകുന്നു; ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും

അങ്കമാലി-ശബരി റെയിൽപാതയുടെ മൊത്തം ചെലവിൻറെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.
199798 ലെ റെയിൽവെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർശനത്തിന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിൻറെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ പദ്ധതി നടപ്പാക്കാൻ റെയിൽവെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 2815 കോടി രൂപയായി ഉയർന്നു.
നിർമാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവെ എടുത്തു. ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവെയുടെ ചെലവിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിൻറെ പകുതി ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടിൽ റെയിൽവെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിൻറെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവെ മന്ത്രാലയം തന്നെ നിർവഹിക്കണം. പാതയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവെയും 50:50 അനുപാതത്തിൽ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാൻ തീരുമാനിച്ചത്.
അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂർ വരെ ദീർഘിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ തമിഴ് നാട്ടിലേക്ക് നീട്ടാൻ കഴിയും. ഈ സാധ്യതയും സർക്കാർ കണക്കിലെടുത്തിട്ടുണ്ട്.


സ്വാശ്രയ കോളേജ് ജീവനക്കാരുടെ നിയമന-സേവന വ്യവസ്ഥകൾ നിർണയിക്കുന്നതിന് നിയമം വരുന്നു

കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിൻറെ കരട് മന്ത്രിസഭ അംഗീകരിച്ചു.
ബിൽപ്രകാരം, സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവർ, കോളേജ് നടത്തുന്ന ഏജൻസിയുമായി കരാർ ഉണ്ടാക്കണം. ശമ്പള സ്‌കെയിൽ, ഇൻക്രിമെൻറ്, ഗ്രേഡ്, പ്രോമോഷൻ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ കരാറിൽ ഉണ്ടാകണം. തൊഴിൽ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സർക്കാർ-എയ്ഡഡ് കോളേജുകൾക്ക് തുല്യമായിരിക്കും. പ്രൊവിഡണ്ട് ഫണ്ട് ബാധകമായിരിക്കും. ഇൻഷൂറൻസ് പദ്ധതി ഏർപ്പെടുത്തണം. നിയമനപ്രായവും വിരമിക്കൽ പ്രായവും സർവകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളേജുകുളിലെ വിദ്യാർത്ഥികൾക്കും അധ്യാപക-അനധ്യാപക ജീവനക്കാർക്കും വിദ്യാഭ്യാസ ഏജൻസിയുടെ നടപടിയെക്കതിരെ സർവകലാശാലയിൽ അപ്പീൽ ഫയൽ ചെയ്യാൻ അധികാരമുണ്ടാകും. സർവകലാശാല സിണ്ടിക്കേറ്റ് പരാതി തീർപ്പാക്കണം.
സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സർവകലാശാലയിൽ വിദ്യാഭ്യാസ ഏജൻസി രജിസ്റ്റർ ചെയ്യണം. നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം ഇതു പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ വ്യവസ്ഥകൾ സർവകലാശാല തീരുമാനിക്കും.
നിയമം പ്രാബല്യത്തിൽ വന്ന് 6 മാസത്തിനകം കോളേജുകളിൽ ഇൻറേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, പി.ടി.എ, വിദ്യാർത്ഥി പരാതി പരിഹാര സെൽ, കോളേജ് കൗൺസിൽ, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണം.
ഇത്തരമൊരു നിയമം വേണമെന്നത് സ്വാശ്രയ കോളേജുകളിൽ ജോലി ചെയ്യുന്നവർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.
മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിർമാണം നടത്തുന്നതിനും ആവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്റെ കരട് മന്ത്രിസബ അംഗീകരിച്ചു.


പക്ഷിപ്പനി: നഷ്ടപരിഹാരം

സംസ്ഥാനത്ത് പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിക്കപ്പെട്ട (കള്ളിംഗ്) പക്ഷികളുടെയും ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മാസത്തിലധികം പ്രായമായ പക്ഷി ഒന്നിന് 200 രൂപയും രണ്ടു മാസത്തിൽ താഴെ പ്രായമായ പക്ഷി ഒന്നിന് 100 രൂപയുമായിരിക്കും നഷ്ടപരിഹാരം.


തസ്തികകൾ

പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജനുവരി മുതൽ ആരംഭിച്ച ഒ.പി. വിഭാഗത്തിൽ 101 തസ്തികകൾ സൃഷ്ടിച്ച് ഒരു വർഷത്തേക്ക് കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താൻ തീരുമാനിച്ചു. സ്റ്റാഫ് നഴ്‌സ് – 30 തസ്തികകൾ, ഫാർമസിസ്റ്റ് – 4, ഇ.സി.ജി ടക്‌നീഷ്യൻ – 2, ഒപ്‌റ്റോ മെട്രിക്‌സ് – 2, എക്‌സ്‌റേ ടെക്‌നീഷ്യൻ – 4, ഡാറ്റാ എൻട്രി ഓപ്പറേറ്റർ – 4, സെക്യൂരിറ്റി / നൈറ്റ് വാച്ച്മാൻ – 15, ഇലക്ട്രീഷ്യൻ / പ്ലംബർ – 2, ഹോസ്പിറ്റൽ അറ്റൻഡർ – 38 എന്നീ തസ്തികകളാണ് ഒരു വർഷത്തേക്ക് സൃഷ്ടിക്കുക.


ജില്ലാ ടൂറിസം: ലൈസൻസികൾക്ക് വാടക ഇളവ്

കോവിഡ്-19 വ്യാപനത്തെ തുടർന്നു രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത് പരിഗണിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ ലൈസൻസികൾക്ക് അടഞ്ഞുകിടന്ന കാലത്തെ വാടക ഇളവ് അനുവദിക്കാനും ലീസ് വ്യവസ്ഥയിൽ നൽകിയ സ്ഥാപനങ്ങൾക്ക് സ്ഥാപനം അടച്ചിട്ട കാലം കണക്കാക്കി കരാർ കാലാവധി നീട്ടി നൽകാനും തീരുമാനിച്ചു.


വി.പി. ജോയ് അഡീഷണൽ ചീഫ് സെക്രട്ടറി

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ വരുന്ന ഡോ. വി.പി. ജോയിയെ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിൽ സർക്കാരിൻറെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിക്കാൻ തീരുമാനിച്ചു.