പാലക്കാട്:  ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ഭക്ഷ്യഭദ്രതയെ കുറിച്ച് ബോധവത്ക്കരണം നല്കുന്നതിനുമായി ഫെബ്രുവരി മൂന്നിന് ജില്ലാതല ഭക്ഷ്യ ഭദ്രതാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പോഷകാഹാര ലഭ്യത, റേഷന് കാര്ഡുമായി ബന്ധപ്പെട്ട പരാതി പരിഹാരം ഉള്പ്പടെയുള്ള അടിസ്ഥാന അവകാശങ്ങള് ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യഭദ്രതാ നിയമങ്ങള്/ അവകാശങ്ങള് സംബന്ധിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം നല്കുന്നതിനാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ജനുവരി 27 ന് ക്യാമ്പയിന് ആരംഭിക്കും.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയില് ഫെബ്രുവരി മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്, മുനിസിപ്പാലിറ്റി ചെയര്മാന്മാര്ക്കും ജില്ലയിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്ക്കും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് ക്യാമ്പയിന് സംഘടിപ്പിക്കുക. ജില്ലാതല ബോധവത്ക്കരണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില് ചേര്ന്ന യോഗത്തില് എ.ഡി.എം. ആര്.പി സുരേഷ് അധ്യക്ഷനായി. സംസ്ഥാന ഭക്ഷ്യ കമ്മിഷന് അംഗം വി. രമേശന്, ജില്ലാ സപ്ലൈ ഓഫീസര് യു. മോളി , താലൂക്ക് സപ്ലൈ ഓഫീസര്മാര്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര് യോഗത്തില് പങ്കെടുത്തു.