തൃശ്ശൂർ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി.എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 37,640 ഡോസ് കോവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) ഇന്ന് (13.1.2021) വൈകിട്ട് 5 മണിയോടെയാണ്് ജില്ലാ മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ എത്തിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റര്‍ ,ജില്ലാ കലക്ട ര്‍ എസ്.ഷാനവാസ്, കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ.റീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി.സതീശന്‍, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.കെ.ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എന്‍.സതീഷ് എന്നിവര്‍ ചേര്‍ന്ന് വാക്‌സിന്‍ ഏറ്റുവാങ്ങി.
വാക്‌സിന്‍ എത്തിയത് ആശ്വാസകരമാണെന്നും എന്നാല്‍ വിതരണം പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നും അതുവരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 16 മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളില്‍ നിന്ന്് വാക്‌സിന്‍ വിതരണം നടത്തും. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മുന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.

ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. 37,640 ഡോസ് വാക്‌സിന്‍ വന്നിട്ടുള്ളതില്‍ 90 ഡോസ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 37,550 ഡോസ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുന്നത്. തിങ്കളാഴ്ച മുതല്‍ വിതരണകേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.