ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് മറുകരയുമായി തങ്ങളെ കൂട്ടിയിണക്കുന്ന ഒരു പാലം. നാളുകളായി നീണ്ടുനിന്ന നിയമക്കുരുക്കുകള്‍ അവസാനിച്ച് പാലം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഓരോ പെരുമ്പളം ദ്വീപ് നിവാസിയും.

2019 സെപ്റ്റംബര്‍ എട്ടിന് പാലത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചെങ്കിലും കരാറുകാര്‍ യഥാസമയം ജോലി തുടങ്ങാതിരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ചുമതല നല്‍കി. എന്നാല്‍ ഊരാളുങ്കലിന് കരാര്‍ നല്‍കിയതിനെതിരെ ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെ പാലത്തിന്റെ നിര്‍മ്മാണം ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.

ഒടുവില്‍ കമ്പനിയുടെ സ്റ്റേ ആവശ്യം ഹൈക്കോടതി വെള്ളിയാഴ്ച നിരാകരിച്ചതിനെ തുടര്‍ന്നാണ് പെരുമ്പളത്തുകാരുടെ പാലമെന്ന സ്വപ്നം വീണ്ടും തളിരിട്ടത്. പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായ 100 മീറ്റര്‍ നീളത്തില്‍ വടുതല ഭാഗത്ത് നിന്ന് ഫുട്ട് ബ്രിഡ്ജിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 100 കോടി വകയിരുത്തിയിരിക്കുന്ന പാലത്തിന്റെ നീളം ഒരുകിലോമീറ്ററിലേറെയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും ചെലവ് കൂടിയതും വലുതുമായ പാലമായി പെരുമ്പളം പാലം മാറും. കേരള ഇന്‍ഫ്രാസ്ടെക്ചര്‍ ഫണ്ട് ഡെവലപ്മെന്റ് ബോര്‍ഡാണ് (കിഫ്ബി) പാലത്തിന് സാമ്പത്തിക സഹായം ചെയ്യുന്നത്. 7.5 മീറ്റര്‍ രണ്ടുവരി ഗതാഗതവും ഒന്നരമീറ്ററില്‍ നടപ്പാതയും ഉണ്ടാകും. വടുതല ഭാഗത്ത് 300 മീറ്ററും പെരുമ്പളത്ത് 250 മീറ്ററും അപ്രോച്ച് റോഡ് നിര്‍മിക്കും. വേമ്പനാട് കായലിന് കുറുകെ പെരുമ്പളം ദ്വീപിനെ പ്രധാന കരയിലെ വടുതല ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാലം.

ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്. പതിനായിരത്തിലേറെ ജനസംഖ്യയുള്ള പെരുമ്പളം ദ്വീപില്‍ നിന്ന് മറുകരയിലേക്ക് എത്തുന്നതിന് വള്ളങ്ങളും, ബോട്ടുകളുമായിരുന്നു ഏക ആശ്രയം. വിദ്യാര്‍ത്ഥികളും ജോലിക്കു പോകുന്നവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. ജനങ്ങളുടെ ഈ പ്രശ്‌നം മനസ്സിലാക്കി അന്നത്തെ അരൂര്‍ എം.എല്‍.എ ആയിരുന്ന എ.എം.ആരിഫ് എം.പിയാണ് പാലത്തിനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും പാലത്തിനായി ഇടപെട്ടതോടെയാണ് 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. നിലവില്‍ നിയമതടസ്സങ്ങള്‍ എല്ലാം മാറിയതോടെ ദ്രുതഗതിയില്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് പെരുമ്പളം നിവാസികള്‍.