ആദിവാസി വിഭാഗങ്ങളുടെ ഭൂമി, ഭവനം സംബന്ധിച്ച പ്രശ്‌നങ്ങളിൽ സർക്കാർ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പട്ടികജാതി വിഭാഗക്കാരുടെ സമാനപ്രശ്‌നങ്ങൾ മൂന്നുവർഷത്തിനകം തന്നെ പരിഹരിക്കും. 2016-17 വർഷത്തെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെട്ട ഒരുകോടി രൂപയുടെ ചേലക്കാട് കുന്ന് കോളനി സമഗ്രവികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം തരൂർ ഗ്രാമപഞ്ചായത്തിലെ ചേലക്കാട് കുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാർ അധ്യക്ഷനായി.

പിന്നാക്കവിഭാഗക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങളിലാവും തുടർന്നുള്ള ഇടപെടൽ. ഇത്തരത്തിൽ പിന്നാക്കവിഭാഗക്കാർക്ക് ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കിയുള്ള സുസ്ഥിര വികസനപ്രവർത്തനമാവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. പഠനത്തിന് തടസ്സമാകുംവിധം പരിമിതികളുള്ള ഭവനങ്ങളിലെ പട്ടികജാതി വിഭാഗക്കാരായ കുട്ടികൾക്ക് രണ്ടുലക്ഷം രൂപ ചിലവിൽ വീടിനോടനുബന്ധിച്ച് പഠനമുറി നിർമിച്ച് നൽകിവരുന്നുണ്ട്. പട്ടികവർഗ വിഭാഗക്കാരായ കുട്ടികൾക്ക് കോളനികളെ അടിസ്ഥാനമാക്കി കമ്മ്യൂനിറ്റി പഠനമുറി സൗകര്യമൊരുക്കും. താത്പര്യമുള്ള സമയത്ത് വിനിയോഗിക്കാൻ കഴിയുന്ന കമ്മ്യൂനിറ്റി പഠനമുറിയിൽ അധ്യാപകരുടെ സേവനവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

പഠിച്ചിറങ്ങുന്ന പിന്നാക്കക്കാരായ കുട്ടികൾക്ക് തൊഴിൽലഭ്യത ഉറപ്പാക്കാൻ വടക്കഞ്ചേരിയിലേതിന് സമാനമായ തൊഴിൽപരിശീലന കേന്ദ്രങ്ങൾ പരിഗണനയിലുണ്ട്. ഈ വിഭാഗക്കാർക്ക് വിദേശത്ത് സ്‌പോൺസർമാർ മുഖേന അനുയോജ്യമായ തൊഴിൽ നൽകും. വിദേശത്ത് പോകാൻ ഫ്‌ളൈറ്റ്, വിസ, ചിലവ് ഇനത്തിൽ ഒരുലക്ഷം രൂപ അനുവദിക്കും. വിദേശത്തെ അംഗീകൃത സർവകലാശാലകളിൽ സംസ്ഥാനത്ത് നിലവിലില്ലാത്ത കോഴ്‌സുകൾ ചെയ്യാൻ പിന്നാക്കവിഭാഗക്കാർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

തരൂർ ഗ്രാമപഞ്ചായത്തിൽ 88 കുടുംബങ്ങൾ പാർക്കുന്ന ചാലക്കാട് കുന്ന് കോളനിയിൽ ഒരുകോടി രൂപയുടെ സമഗ്രവികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. 60 പട്ടികജാതി കുടുംബങ്ങളാണ് കോളനിയിൽ ഉളളത്. സംരക്ഷണഭിത്തിക്ക് 14,70,000, റോഡ് കോൺക്രീറ്റിംഗിന് 13,10,000, കമ്മ്യൂനിറ്റി ഹാൾ നിർമ്മാണത്തിന് 23,30,000, അഴുക്കുചാൽ നിർമ്മാണത്തിന് 5,00,000, കിണർ അറ്റകുറ്റപ്പണിക്ക് 70,000, വീട് അറ്റകുറ്റപ്പണികൾക്ക് 13,00,000, പ്രവേശനകവാടം നിർമ്മാണത്തിന് 85,000, വാട്ടർ ടാങ്കിനുള്ള പ്‌ളാറ്റ്‌ഫോം നിർമ്മാണത്തിന് 5,47,000, വാട്ടർ ടാങ്ക് പ്‌ളംബിംഗ് വർക്കിന് 20,000, തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 27,000 എന്നിങ്ങനെയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക. പത്തുമാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.

പരിപാടിയിൽ ആലത്തൂർ ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, തദ്ദേശസ്ഥാപന ജനപ്രതിനിധികളായ എം.ആർ. വത്സലകുമാരി, ലീലാ മാധവൻ, ടി. വാസു, മുഹമ്മദ് ഹനീഫ, റംലത്ത്, ജില്ലാ നിർമിതികേന്ദ്രം പ്രൊജക്ട് എൻജിനീയർ കെ.വി. ജയദേവൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ വി. സജീവ്തരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.