*. സര്‍പ്പപ്പാട്ട്, തുളളല്‍, പടയണി, അഗ്‌നിക്കാവടി എന്നിവ കാണാനും പഠിക്കാനും അവസരം
*. ആനപ്പള്ള മതില്‍, താമരക്കുളം, ആംഫി തിയറ്റര്‍ സൗകര്യങ്ങള്‍


കേരളത്തിന്റെ കലാ-സാംസ്‌കാരിക പൈതൃകം ലോകമെമ്പാടുമെത്തിക്കുക ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ രംഗകലാകേന്ദ്രം (സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ്) ഒരുങ്ങുന്നു. തിരുവനന്തപുരം ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രമായ വര്‍ക്കലയില്‍ 10 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരമുള്ള രംഗകലാകേന്ദ്രം സജ്ജമാക്കുന്നത്.

വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള വര്‍ക്കല ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് 13,000 ചതുരശ്ര അടിയിലാണ് കേരള തനിമയുള്ള കലാകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. കേരളത്തിന്റെ നാടന്‍ കലകള്‍, ആയോധന കലകള്‍, സംസ്‌കാരം, പൈതൃകം, തനത് ടൂറിസം എന്നിവയ്ക്ക് ലോകമെമ്പാടും പ്രചാരം നല്‍കുകയെന്ന വലിയ ലക്ഷ്യവുമായാണ് രംഗകലാകേന്ദ്രം പിറവിയെടുക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ രംഗകലാകേന്ദ്രം നാടിനു സമര്‍പ്പിക്കും.

കൂത്തമ്പല മാതൃകയിലുള്ള പെര്‍ഫോമന്‍സ് ഹാള്‍, കളരിത്തറ, പരമ്പരാഗത ശൈലിയിലുള്ള ആനപ്പള്ള മതില്‍, താമരക്കുളം, ആംഫി തിയറ്റര്‍, ഫെസിലേറ്റഷന്‍, സ്വിമിഗ് പൂള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ- ആധുനിക കലാരൂപങ്ങള്‍ തമ്മിലുള്ള താരതമ്യപഠനങ്ങള്‍ എന്നിവയ്ക്കും ഇവിടെ അവസരമുണ്ട്. പാരമ്പര്യ കലകള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്‍പ്പെടെ കേരളത്തിന്റെ തനതായ കലകള്‍ ആസ്വദിക്കാനും പഠിക്കാനുമുള്ള സൗകര്യവുമുണ്ട്. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ മികച്ച അധ്യാപകരും ഇവിടെയുണ്ടാകും. സര്‍പ്പപ്പാട്ട്, തുളളല്‍, പടയണി, അഗ്‌നിക്കാവടി, അര്‍ജുനനൃത്തം, ചവിട്ടുനാടകം, ഒപ്പന, മാര്‍ഗ്ഗംകളി, തീയാട്ടുകള്‍, തെയ്യംതിറകള്‍ എന്നിവ കാണാനും പഠിക്കാനും ഇവിടെ സൗകര്യമുണ്ടാകും.

വര്‍ക്കലയുടെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ നിര്‍ദേശപ്രകാരം ആര്‍ക്കിടെക്ട് ബി. സുധീറാണ് കലാകേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പ്രഗത്ഭ കലാകാരന്മാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു ഡിസൈന്‍ കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.

പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷണനാണ് സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിന്റെ ഗവേണിംഗ് ബോഡി ചെയര്‍മാന്‍. കേരളീയ വാസ്തു പ്രകാരമാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ രംഗകലാകേന്ദ്രത്തിന് ദൃശ്യചാരുതയേകാന്‍ ഏറ്റവും വലിയ ചുവര്‍ചിത്രവും വരച്ചിട്ടുണ്ട്. നാല് ഭാഗങ്ങളിലായാണ് ചുവര്‍ ചിത്രങ്ങള്‍ തയ്യാറാക്കിയത്. 2,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ ചുവര്‍ചിത്രകലാ വിഭാഗമാണ് ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തത്.

ഭാവിയില്‍ സിംഗപ്പൂരിലെ അസോസിയേഷന്‍ ഓഫ് ഏഷ്യ പസഫിക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററുമായി സഹകരിച്ചുകൊണ്ട് ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി പദവിയിലേക്ക് വര്‍ക്കലയില്‍ ആരംഭിക്കുന്ന രംഗകലാ കേന്ദ്രത്തിനെ ഉയര്‍ത്താനും പദ്ധതിയുണ്ട്.