100 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളർഷിപ്പ് തുക അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി മുഖേന തുടർ വിദ്യാഭ്യാസത്തിനായി രജിസ്റ്റർ ചെയ്ത 100 വിദ്യാർത്ഥികൾക്കായി 10.71 ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്‌കോളർഷിപ്പ് നൽകുക, പഠനകാലത്ത് താമസിക്കുന്നതിനുള്ള ഷെൽട്ടർ ഹോം ഒരുക്കുക, തൊഴിൽ പരിശീലനം നൽകുക എന്നിവയ്ക്കായി 35 ലക്ഷം അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം തുടർവിദ്യാഭ്യാസത്തിനായി 100 പേർ കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ട്രാൻസ്‌ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി സാക്ഷരത മിഷൻ അതോറിറ്റി മുഖേന ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട നിരക്ഷരർക്കും പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്കും സാക്ഷരത തുല്യത പദ്ധതിയിലൂടെ തുടർവിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നാല്, ഏഴ്, പത്താം തരം, ഹയർസെക്കന്ററി എന്നീ തുല്യതാ കോഴ്‌സുകളിൽ പഠിക്കുന്നതിന് സ്‌കോളർഷിപ്പ് നൽകുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പുരോഗതിയ്ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമപദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും വലിയ പ്രാധാന്യം നൽകി വരുന്നു. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് അടുത്തിടെ 6 ലക്ഷം രൂപ നൽകിയിരുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലിൽ നിൽക്കുന്നതിന് പുതിയ സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കിൽ വനിതാ വികസന കോർപ്പറേഷൻ മുഖേന വായ്പ നൽകി വരുന്നുണ്ട്.