Kerala’s Top 50 Policies and Projects-23

കേരള സർക്കാർ ദീർഘവീക്ഷണത്തോടെ സ്വീകരിച്ച നയങ്ങളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും മുൻപന്തിയിലുണ്ടാകുക നവകേരള കർമ്മ പദ്ധതിയിൽ നാല് മിഷനുകൾ രൂപീകരിച്ചതാണ്. ഇവയിൽ ഒന്നായ ആർദ്രം മിഷന്റെ മികച്ച പ്രവർത്തനമാണ് ആരോഗ്യ മേഖലയിൽ വലിയ കുതിപ്പ് നേടാൻ സാധിച്ചതിന്റെ അടിസ്ഥാനം. സബ് സെന്റർ മുതൽ മെഡിക്കൽ കോളേജുവരെയുള്ള നമ്മുടെ ആരോഗ്യ സംവിധാനം കഴിഞ്ഞ നാല് വർഷത്തിനിടയിൽ മികവിലേക്ക് ഉയർന്നിരിക്കുകയാണ്.

ആർദ്രം മിഷനിലൂടെ ആരോഗ്യ വകുപ്പിൽ നടപ്പിലാക്കിയ സുപ്രധാനമായ തീരുമാനങ്ങളിൽ ഒന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാംരോഗ്യ കേന്ദ്രങ്ങളായി മാറ്റുക എന്നതാണ്. രണ്ട് ഘട്ടങ്ങളിലായി 674 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ലക്ഷ്യമിട്ടത്. ഇതിൽ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ബാക്കിയുള്ളവ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണ്്. പദവി ഉയർത്തിയതിലൂടെ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനും നിയമനം നടത്താനും സർക്കാരിന് ത്വരിത ഗതിയിൽ സാധിച്ചു. 1830 തസ്തികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി സർക്കാർ അധികമായി സൃഷ്ടിച്ചത്. കൂടാതെ നാഷണൽ ഹെൽത്ത് മിഷനിലൂടെ 454 പേരെയും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ വഴി 648 പേരെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിയമിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ ഒൻപത് മുതൽ ഒന്നു വരെയായിരുന്ന ഒ.പി സമയം കുടുംബാരോഗ്യ കേന്ദ്രങ്ങളായതോടെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെ ദീർഘിപ്പിച്ചു. ഇ-ഹെൽത്ത് സംവിധാനം പ്രവർത്തന ക്ഷമമായതോടെ ഒരോ കുടുംബത്തിന്റെയും സമഗ്രമായ ആരോഗ്യ വിവരം വേർതിരിച്ച് സൂക്ഷിക്കുന്നതും പുതിയ സംവിധാനത്തിന്റെ സവിശേഷതയാണ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതിലൂടെ പരമാവധി രോഗികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്താൻ തുടങ്ങി. ശാസ്ത്രീയമായ റഫറൽ സംവിധാനം ഏർപ്പെടുത്തിയതോടെ മെഡിക്കൽ കോളേജുകളിലെ തിരക്കും കുറയ്ക്കാൻ സാധിച്ചു. ജീവിതശൈലീ രോഗങ്ങൾ, വിഷാദ രോഗം, ദീർഘകാല ശ്വാസ കോശ രോഗം എന്നിവയുടെ നിർണ്ണയവും ചികിത്സയും പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലേർപ്പെടുത്തിയതിലൂടെ പ്രാദേശികതലത്തിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റമാണുണ്ടായത്.

ആർദ്രം മിഷന്റെ പ്രവർത്തനങ്ങളിലെ നിർണ്ണായകഘടകമായ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പാകിയ അടിത്തറ കോവിഡ് മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ ഏറെ ഗുണകരമാകുന്നത് എല്ലാവരും നേരിട്ട് കണ്ടതാണ്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് പിടിച്ചുനിർത്താൻ കഴിയുന്നതും കോവിഡിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ എറ്റവും മികച്ച സേവനം നൽകാൻ കഴിയുന്നതുമൊക്കെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രാദേശികതലത്തിൽ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ നിന്നാണ്. രണ്ട് പ്രളയവും തുടർന്നുണ്ടായ പകർച്ചവ്യാധി ഭീഷണിയും നിപ്പയും ഇപ്പോൾ കോവിഡും കേരളത്തിന് അതിജീവിക്കാൻ കഴിയുന്നത് സർക്കാരിന്റെ ദീർഘ വീക്ഷണത്തോടെയുള്ള നയങ്ങൾ വിജയകരമായി നടപ്പാക്കാൻ സാധിച്ചതിലൂടെയാണ്.

#keralas_top50_projectsandpolicies

#KeralaLeads