സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ലാബുകളില്‍ നിന്നും കര്‍ഷകരിലേക്ക് എത്തണമെന്ന് കാര്‍ഷിക-വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. തിരുവിഴാംകുന്ന് പക്ഷി ഗവേഷണ കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരേയും സംരംഭകരേയും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാല മുന്‍തൂക്കം നല്‍കണം. സര്‍വകലാശാലയും കൃഷി വകുപ്പും കര്‍ഷകരും തമ്മിലുളള ഏകോപനം ശക്തിപ്പെടുത്തണം. വെറ്ററിനറി സര്‍വകലാശാലയും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് ഇറച്ചികോഴി വളര്‍ത്തലില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കണം. പദ്ധതികളുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴില്‍ സ്വാശ്രയ കോളെജുകള്‍ തുടങ്ങില്ല. ഇറച്ചി, മുട്ട, പച്ചക്കറി, എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.
പക്ഷിപരിപാലനം, മുട്ടയുത്പ്പാദനം, കോഴിത്തീറ്റ ഉത്പ്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് കേരള വെറ്ററിനറി സര്‍വകലാശാല തിരുവിഴാംകുന്ന് കോളെജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനെജ്മെന്റിലൂടെ ലക്ഷ്യമിടുന്നത്. നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ് ഫണ്ടുപയോഗിച്ച് 1.77 കോടിയില്‍ 5000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ഹാച്ചറിയില്‍ പ്രതിവാരം 40000 കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനാവും. 1.56 കോടി ചെവില്‍ 4000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കോഴിതീറ്റ് ഉത്പ്പാദന കേന്ദ്രത്തില്‍ 40 മുതല്‍ 50 ടണ്‍ കോഴിത്തീറ്റ ഉത്പാദിപ്പിക്കാനാവും. 14000 ചതുരശ്ര അടി വിതീര്‍ണമുളള കര്‍ഷക പരിശീലന കേന്ദ്രത്തില്‍ 100 കര്‍ഷകര്‍ക്കുളള താമസ-പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ട്. 125 ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന താറാവ് വളര്‍ത്തല്‍ കേന്ദ്രം, 69 ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന കോഴി വളര്‍ത്തല്‍ കേന്ദ്രം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ അധ്യക്ഷനായ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, പൗള്‍ട്രി സംരംഭകര്‍, ശാസ്ത്രജ്ഞര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ‘വളര്‍ത്തുപക്ഷി മേഖലയിലെ നൂതന സംരംഭകത്വ സാധ്യതകള്‍’ വിഷയത്തില്‍ ശില്പശാല നടത്തി.