എറണാകുളം: കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് ജില്ലയിൽ തുടക്കം. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഡി എം ഒ ഡോ. എൻ.കെ. കുട്ടപ്പൻ, മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോ. ജോസഫ് ചാക്കോ, മുൻ ഡി എം ഒ ഡോ. ജുനൈദ് റഹ്മാൻ, ഡെപ്യൂട്ടി ഡി എം ഒ ഡോ. സവിത, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത എന്നിവർ വാക്സിൻ സ്വീകരിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിലെ രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. രാവിലെ 10.30 ന് കോ വിഡ് വാക്സിനേഷൻ യജ്ഞത്തിൻ്റെ ദേശീയ തല ഉദ്ഘാടനത്തിനു ശേഷമാണ് വാക്സിനേഷൻ ആരംഭിച്ചത്.

ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ബ്ലോക്കിലെ ഒന്നാം നിലയിലാണ് വാക്സിനേഷൻ മുറി ക്രമീകരിച്ചിരുന്നത്. രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ തിരിച്ചറിയൽ രേഖ വെരിഫൈ ചെയ്ത ശേഷമാണ് വാക്സിനേഷൻ മുറിയിൽ പ്രവേശിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം അര മണിക്കൂർ വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകൾ തോന്നിയാൽ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിരുന്നു. ജനറൽ ആശുപത്രിയിലെ 100 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ദിവസം വാക്സിൻ നൽകിയത്.

എറണാകുളം ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച ഇൻ്ററാക്ടീവ് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിനേഷൻ യജ്ഞത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ. എ, ജില്ലാ കളക്ടർ എസ്. സുഹാസ്, ആർ സി എച്ച്‌ ഓഫീസർ ഡോ. ശിവദാസ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ഡി എം ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി എം ഒ ഇൻ ചാർജ് ഡോ. ആർ. വിവേക് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ആദ്യ ഘട്ടത്തിൽ 63000 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഇവരെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തിയത്. ഇതിനായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ അറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകരുടെ പൂർണ്ണ വിവരങ്ങൾക്കു പുറമേ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖാ നമ്പർ കൂടി നൽകണം. ആധാർ / ഡ്രൈവിംഗ് ലൈസൻസ് / വോട്ടർ ഐഡി / പാൻ കാർഡ്/ പാസ്പോർട്ട് / ജോലി ഐ ഡി കാർഡ്/ പെൻഷൻ രേഖ തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. തുടർന്ന് മുഴുവൻ വിവരങ്ങളും എക്സൽ ഷീറ്റിൽ രേഖപ്പെടുത്തി. ഈ ഡേറ്റ ജില്ലയിലെ കോ-ഓർഡിനേഷൻ വിംഗിൻ്റെ നേതൃത്വത്തിൽ സെൻട്രൽ സർവറിലേക്ക് അപ് ലോഡ് ചെയ്തു. ഈ ഡേറ്റാ ബാങ്കിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

രണ്ടാം ഘട്ടത്തിൽ ആശ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണന. ഇതിനായുള്ള വിവരശേഖരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി തുറന്നു നൽകിയിട്ടില്ല.