തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള മുന്നൊരുക്കങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെ തൃശൂരിൽ നിന്നും വാക്‌സിന്‍ ഇരിങ്ങാലക്കുടയില്‍ എത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. മിനി മോള്‍ എന്നിവര്‍ ചേര്‍ന്ന് വാക്‌സിന്‍ ഏറ്റുവാങ്ങി.

ആശുപത്രി വളപ്പിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗം കെട്ടിടത്തിലാണ് വാക്‌സിന്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെയുണ്ടായിരുന്ന രണ്ട് ഒപികള്‍ താല്‍ക്കാലികമായി കെട്ടിടത്തിലെ മറ്റൊരിടത്തേക്ക് മാറ്റി. വാക്‌സിന്‍ സൂക്ഷിക്കാനുള്ള ഐസ് ലാന്‍ഡ് റഫ്രിജറേറ്റര്‍(ഐഎല്‍ആര്‍) നിലവില്‍ ആശുപത്രിയില്‍ ഉണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്ന പട്ടിക പ്രകാരമാണ് വാക്‌സിന്‍ നല്‍കുക. 553 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുടയില്‍ ലഭിച്ചിട്ടുള്ളത്.നഗരസഭ അതിര്‍ത്തിയിലെ ആശുപത്രികള്‍, ക്ലനിക്കുകള്‍, ലാബുകള്‍ തുടങ്ങിയവയിലെ ആരോഗ്യപ്രവര്‍ത്തകരാണ് പട്ടികയിലുള്ളത്. പൊറത്തിശ്ശേരി മേഖലയിലെ പട്ടികയിലുള്ളവര്‍ക്കും ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ നല്‍കും.എംഎല്‍ എ പ്രൊഫ കെ യു അരുണനും ആശുപത്രിയില്‍ വാക്‌സിനേഷന്‍ നടപടികള്‍ നീരിക്ഷിക്കുന്നതിനായി എത്തിയിരുന്നു. നിലവിലെ പട്ടികയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 20 ദിവസമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എം മിനിമോള്‍ പറഞ്ഞു.

അടുത്തഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത് പോലീസുകാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണന പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ്. തൊട്ടുപിന്നാലെ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 50 വയസ്സിനു മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള ആളുകള്‍ക്കും വാക്സിന്‍ നല്‍കും.