കോവിഡിനെതിരായ ദേശ വ്യാപക പോരാട്ടത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്നലെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി.നിര്‍വ്വഹിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ബിജു ആദ്യ വാക്‌സീന്‍ സ്വീകരിച്ചു. 0.5 എം.എല്‍ ഡോസ് വാക്‌സിനാണ് കുത്തി വയ്ക്കുന്നത്.
വാക്‌സീന്‍ വികസിപ്പിക്കുന്നതിന് പിന്നില്‍ അര്‍പ്പിത സേവനം നടത്തിയ ശാസ്ത്രജ്ഞരേയും ആരോഗ്യ പ്രവര്‍ത്തകരേയും അഭിവാദ്യ ചെയ്യുകയും അഭിനന്ദിക്കുന്നതായും എം.പി. പറഞ്ഞു. പി.ജെ ജോസഫ് എം.എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കോവിഡെന്ന മഹാമാരി തന്റെ കൈപ്പിടിയില്‍ ഒതുങ്ങുമെന്ന മനുഷ്യന്റെ അഹന്തയെ സമകാലിക ലോകം ഇരുത്തി ചിന്തിപ്പിച്ചു. ലോക്ക് ഡൗണിലൂടെ വ്യവസായ ശാലകള്‍ അടഞ്ഞു കിടക്കുകയും വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിയുകയും ചെയ്ത കാലയളവില്‍ കാര്‍ബണ്‍ വികിരണം ഗണ്യമായ വിധത്തില്‍ കുറയ്ക്കാന്‍ കോവിഡ് വഴിവെച്ചുവെന്നും പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ.ജേക്കബ്, തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ.ജോസഫ് ജോണ്‍, ശ്രീലക്ഷ്മി സുധീപ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എന്‍.പ്രിയ (ഹെല്‍ത്ത്) ഡോ.കെ.പി.ശുഭ (ഐ എസ് എം) ഡോ. അമ്പിളി എന്‍ (ഹോമിയോ) ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ.സി.ജെ.പ്രീതി, കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ.രമേശ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇടുക്കി ജില്ലാ ആശുപത്രി (മെഡിക്കല്‍ കോളേജ്), തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്സി, രാജാക്കാട് സിഎച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെന്റ് ജോണ്‍സ് കട്ടപ്പന എന്നിവിടങ്ങളിലാണ് കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം നടത്തിയത്.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച വാക്‌സിന്‍ വിതരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനമാണ് സര്‍ക്കാര്‍ കാഴ്ച വെച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അഭിനന്ദനാര്‍ഹമാണെന്ന് യോഗത്തിന് അധ്യക്ഷനായിരുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍ പറഞ്ഞു.
എന്‍എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സുജിത് സുകുമാരന്‍ കോവിഡ് വാക്സിനേഷന്‍ വിഷയാവതരണം നടത്തി. ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ അബ്ദുള്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ആദ്യ വാക്സിന്‍ കുത്തിവയ്പ് മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ അരുണ്‍ എസ് സ്വീകരിച്ചു. മെഡിക്കല്‍ കോളേജിലെ ആദ്യ വാക്‌സിന്‍ സ്വീകര്‍ത്താവ് ആകാന്‍ സാധിച്ചതിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ സാധിച്ചതിലും അഭിമാനവും സന്തോഷവും ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിന്‍ നല്‍കാനായി ക്രമികരിച്ചിരുന്നത്. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളാണ് ക്രമീകരിച്ചത്. വാക്സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത മെസ്സേജ് ലഭിച്ചവരെ സ്‌ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനു ശേഷമാണ് വെയിറ്റിംഗ് ഏരിയയിലേക്ക് വിട്ടത്. ഒന്നാം വാക്സിനേഷന്‍ ഓഫീസര്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക്സിനേഷന്‍ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക്സിനേഷന്‍ ഓഫീസര്‍ വാക്സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.
മൂന്നാം വാക്സിനേഷന്‍ ഓഫീസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി. ശേഷം പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കയറ്റി കുത്തിവയ്പ്പ് നല്‍കിയ ശേഷം കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരുത്തിയതിന് ശേഷമാണ് സ്വീകര്‍ത്താവിനെ വിടുന്നത്.
വാക്സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരുന്നു.
വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ഇന്ന് മുതല്‍ 28മത്തെ ദിവസമാണ് നല്‍കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച അതെ രീതിയില്‍ തന്നെയാണ് രണ്ടാമത്തെ ഡോസും സ്വീകരിക്കേണ്ടത്.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനോയ് വര്‍ക്കി, ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം നിമ്മി ജോര്‍ജ്, ആര്‍എംഒ ഡോ. അരുണ്‍ എസ്, വാഴത്തോപ്പ് പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്,തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നടന്ന കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിജയകുമാരി എസ് ബാബു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് കെ, എ.എല്‍.ഒ എം.എന്‍ രവികുമാര്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ ലത തുടങ്ങിയവര്‍ സംസാരിച്ചു. വാക്‌സിനേഷന്റെ ആദ്യ ദിനത്തില്‍ രജിസ്റ്റര്‍ ചെയ്ത 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിരുന്നത്.
30 ആംപ്യൂള്‍ വാക്‌സിനാണ് വിതരണത്തിനായി താലുക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുള്ളത്. ഒരു ആം പ്യൂളില്‍ നിന്ന് 0.5 എം.എല്‍ വീതം 10 പേര്‍ക്ക് കൊവിഡ് ഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിലൂടെ നല്‍കാനാകും. 300 പേര്‍ക്ക് നല്‍കുന്നതിനുള്ള വാക്‌സിന്‍ ആശുപത്രിയില്‍ സൂിച്ചിട്ടുണ്ട്.
ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജീവനക്കാര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. .ആദ്യ ദിനം ചിത്തിരപുരത്ത് 40ഓളം പേര്‍ വാക്സിന്‍ സ്വീകരിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എ വാക്സിന്‍ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഷാരോണ്‍ ജോര്‍ജ്ജ് മാമനായിരുന്നു ആദ്യം വാക്സിന്‍ സ്വീകരിച്ചത്.
എംഎല്‍എ എസ് രാജേന്ദ്രനൊപ്പം ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, തഹസീല്‍ദാര്‍ ജിജി എം കുന്നപ്പള്ളി,ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഡോ. സെസി,അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍,പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് കുമാര്‍,ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ വാക്സിന്‍ വിതരണ ചടങ്ങിന് സാക്ഷ്യം വാഹിക്കുവാന്‍ എത്തിയിരുന്നു.വാക്സിന്‍ സ്വീകരിച്ച് അര മണിക്കൂര്‍ സമയം നിരീക്ഷണവും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വാക്സിന്‍ സ്വീകരിച്ചവര്‍ വാക്സിന്‍ വിതരണ കേന്ദ്രത്തിന് പുറത്തു പോയത്.
കാത്തിരിപ്പ്, നിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിപുലമായ ക്രമീകരണം വാക്സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.ഒരു മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ 5 പേരായിരുന്നു പ്രധാനമായും കേന്ദ്രത്തില്‍ വാക്സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്.ചിത്തിരപുരത്തും വാക്സിന്‍ സ്വീകരിച്ചവര്‍ക്കാര്‍ക്കും മറ്റസ്വസ്ഥതകള്‍ ഒന്നും അനുഭവപ്പെട്ടില്ലെന്നത് ആരോഗ്യവിഭാഗത്തിന് കൂടുതല്‍ ആത്മവിശ്വാസമായി.
രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രവും.ജില്ലയിലെ മറ്റിടങ്ങളിലെന്ന പോലെ മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന സിഎച്ച്സിയിലും കൊവിഡ് വാക്സിന്‍ വിതരണം നടന്നു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് വാക്സിന്‍ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാമെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡി എം ഒയും മാസ്സ് മീഡിയ ഓഫീസറുമായ ജോസ് അഗസ്റ്റിന്‍ വാക്സിന്‍ വിതരണം സംബന്ധിച്ച് വിശദീകരണം നടത്തി.മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, പഞ്ചായത്തംഗം പുഷ്പലത സോമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സാജു സി ആര്‍തുടങ്ങിയവര്‍ പങ്കെടുത്തു.രജിസ്റ്റര്‍ ചെയ്ത 50ല്‍ നാല്‍പ്പത്തിമൂന്ന് പേര്‍ ആദ്യ ദിനം സെന്ററില്‍ നിന്നും കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.
പീരുമേട് താലൂക്കാശുപത്രിയില്‍ നടന്ന കോവിഡ് വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എം.എല്‍ എ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോണ്‍ ബോസ്‌കോ മുഖ്യ പ്രഭാഷണം നടത്തി.പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു, ജനപ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പീരുമേട് താലൂക്കാശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം അനന്ദ് ആദ്യ വാക്‌സിനേഷന്‍ സ്വീകരിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വാക്‌സിനേഷനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പ്രോട്ടോക്കോള്‍ പാലിച്ച് വാക്‌സിനേഷന്‍ സ്വീകരിച്ചു.