തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ദൃശ്യാവിഷ്‌കാരവുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പര്യടന വാഹനം ജില്ലയില്‍ പ്രയാണം തുടങ്ങി.  വട്ടിയൂര്‍ക്കാവില്‍നിന്ന് ആരംഭിച്ച പര്യടനം വി.കെ. പ്രശാന്ത് എം.എല്‍.എ. ഫ്ളാഗ് ഓഫ് ചെയ്തു.
ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വികസന പദ്ധതികളാണു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്നു വാഹനം ഫ്ളാഗ് ഓഫ് ചെയ്ത് എം.എല്‍.എ. പറഞ്ഞു.  ടെക്നോപാര്‍ക്ക്, കരമന – കളിയിക്കാവിള റോഡ്, ആക്കുളം – വേളി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങള്‍, മുഖഛായ മാറിയ ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികളുടെ സാക്ഷ്യങ്ങളാണ്.  അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേമ പെന്‍ഷന്‍, സൗജന്യ റേഷന്‍, ഭക്ഷ്യ കിറ്റ് തുടങ്ങിയ ജനക്ഷേമ പദ്ധതികളിലും വലിയ കരുതലും ശ്രദ്ധയും പുലര്‍ത്താനായി.  കേരളം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഇടപെടലുകളാണ് ഇവയെല്ലാം. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഇവയുണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ കൃത്യമായി വിവരിക്കുന്നതാണു പി.ആര്‍.ഡി. തയാറാക്കിയ വികസന വിഡിയോ ചിത്രങ്ങളെന്നും എം.എല്‍.എ. പറഞ്ഞു.
വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫിസിനു മുന്നില്‍നിന്നു യാത്ര തുടങ്ങിയ പര്യടന വാഹനം ഇന്നലെ(15 ഫെബ്രുവരി) നെടുമങ്ങാട്, പാറശാല നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തും.  ഇന്ന്(16 ഫെബ്രുവരി) വാമനപുരം, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ എത്തുന്ന വാഹനം വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തും.